ക്യാപ്റ്റനെന്ന നിലയില്‍ 'കോഹ്‌ലി ഹീറോയാടാ... ഹീറോ'; ഈ കണക്കുകള്‍ അതിന് സാക്ഷ്യം പറയും

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നായക മികവിനെ സംശയിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീമിന്റെ പ്രകടനം
ക്യാപ്റ്റനെന്ന നിലയില്‍ 'കോഹ്‌ലി ഹീറോയാടാ... ഹീറോ'; ഈ കണക്കുകള്‍ അതിന് സാക്ഷ്യം പറയും

റാഞ്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നായക മികവിനെ സംശയിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീമിന്റെ പ്രകടനം. ഇതോടെ നാട്ടില്‍ തുടര്‍ച്ചയായി 11 ടെസ്റ്റ് പരമ്പര വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. അതായത് 26 മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ഒരൊറ്റ തോല്‍വി മാത്രമാണ് നേരിട്ടത്. മൊത്തം 33 ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യയുടെ ഈ ഏക തോല്‍വി.

2013ല്‍ ഓസ്‌ട്രേലിയയെ നാല് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുത്തിയാണ് ഇന്ത്യ കുതിപ്പിന് തുടക്കമിട്ടത്. പിന്നാലെ വെസ്റ്റിന്‍ഡീസിനെ 2-0ത്തിനും കീഴടക്കി പരമ്പര വിജയം രണ്ടാക്കി. 2015ല്‍ ദക്ഷിണാഫ്രിക്ക എത്തിയപ്പോള്‍ അന്ന് 3-0ത്തിന് വിജയിച്ച് നേട്ടം മൂന്നിലെത്തിച്ചു. 2016ല്‍ ന്യൂസിലന്‍ഡിനെതിരെ 3-0, ഇംഗ്ലണ്ടിനെതിരെ 4-0ത്തിനും വിജയം സ്വന്തമാക്കി. 2017ല്‍ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ 1-0ത്തിന്റെ വിജയം. അതേ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ 2-1ന് പരമ്പര നേടി. ഈ പരമ്പരയിലാണ് ഒരു മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം അഫ്ഗനിസ്ഥാനെ 1-0ത്തിനും വെസ്റ്റിന്‍ഡീസിനെ 2-0ത്തിനും പരാജയപ്പെടുത്തിയ ഇന്ത്യ ഈ വര്‍ഷം ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര 3-0ത്തിന് തൂത്തുവാരി 11 തുടര്‍ പരമ്പര വിജയങ്ങളുടെ പട്ടിക തികയ്ക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 10ാം മത്സരത്തിലാണ് കോഹ്‌ലി ഇന്ത്യയെ നയിച്ചത്. നേടിയത് ഏഴാം വിജയവും. ഇതിനു മുന്‍പ് ഗാംഗുലിയും ധോണിയുമെല്ലാം ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ നായകരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ നയിച്ചത് 29 ടെസ്റ്റുകളിലാണ്. അവരെല്ലാം ചേര്‍ന്ന് സമ്മാനിച്ചത് ഏഴ് വിജയങ്ങളും. ഒരേ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് ഇന്നിങ്‌സ് തോല്‍വികളെന്ന നാണക്കേട് ദക്ഷിണാഫ്രിക്ക വഴങ്ങിയിട്ട് എട്ട് പതിറ്റാണ്ടു പിന്നിടുമ്പോഴാണ് കോഹ്‌ലിയുടെ ഇന്ത്യ അവരെ സമാനമായ നാണക്കേടിലേക്ക് ഒരിക്കല്‍ക്കൂടി തള്ളിവിട്ടത്.

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോര്‍ഡ് കുതിപ്പ് ഇന്ത്യ 12ാം മത്സരത്തിലേക്കു നീട്ടുകയും ചെയ്തു. രണ്ടു തവണ തുടര്‍ച്ചയായി 10 ടെസ്റ്റുകള്‍ വീതം ജയിച്ച ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് പൂനെ ക്രിക്കറ്റ് ടെസ്‌റ്റോടെ തന്നെ ഇന്ത്യ തകര്‍ത്തിരുന്നു. മറ്റു ടീമുകള്‍ക്കൊന്നും സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി എട്ടില്‍ കൂടുതല്‍ വിജയങ്ങളില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com