വേഗവും വൈവിധ്യവും നിറച്ച് ഉമേഷ് യാദവിന്റെ പന്തുകള്‍; ഈ നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസത്തിനൊപ്പം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം പരമ്പര തൂത്തുവാരിയപ്പോള്‍ അതില്‍ നിര്‍ണായക പങ്ക് വഹിച്ചത് പേസ് ബൗളര്‍മാര്‍ കൂടിയാണ്
വേഗവും വൈവിധ്യവും നിറച്ച് ഉമേഷ് യാദവിന്റെ പന്തുകള്‍; ഈ നേട്ടത്തില്‍ വിന്‍ഡീസ് ഇതിഹാസത്തിനൊപ്പം

റാഞ്ചി: വൈവിധ്യവും മികവും സമം ചേര്‍ത്ത് സുശക്തമാണ് ഇന്ത്യയുടെ പേസ് അറ്റാക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം പരമ്പര തൂത്തുവാരിയപ്പോള്‍ അതില്‍ നിര്‍ണായക പങ്ക് വഹിച്ചത് പേസ് ബൗളര്‍മാര്‍ കൂടിയാണ്.

സമീപ കാലത്ത് ഇന്ത്യയുടെ ടെസ്റ്റ്, പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ ഒഴിച്ചു കൂടാനാവാതെ നില്‍ക്കുന്ന താരങ്ങളുടെ പട്ടികയില്‍ ജസ്പ്രിത് ബുമ്‌റയുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ ബുമ്‌റക്ക് വിശ്രമം നല്‍കിയപ്പോള്‍ പകരമെത്തിയ താരമാണ് ഉമേഷ് യാദവ്.

പരമ്പരയില്‍ രോഹിത്, ശര്‍മ, അജിന്‍ക്യ രഹാനെ, മുഹമ്മദ് ഷമി എന്നിവരൊക്കെ തിളങ്ങി. എന്നാല്‍ ടീമിലേക്കുള്ള തിരിച്ചു വരവ് ശരിക്കും ആഘോഷമാക്കിയത് പേസ് ബൗളര്‍ ഉമേഷ് യാദവ് ആയിരുന്നു. മൂന്നാം ടെസ്റ്റില്‍ അഞ്ച് പന്തുകള്‍ സിക്‌സിന് തൂക്കി ഒന്നാം ഇന്നിങ്‌സില്‍ ഉമേഷ് ബാറ്റിങിലൂടെയും ആരാധകരെ അമ്പരപ്പിച്ചു.

മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകളും ഉമേഷ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സിലെ മൂന്ന് വിക്കറ്റോടെ ഉമേഷ് ഒരു അപൂര്‍വ നേട്ടവും സ്വന്തം പേരിലാക്കി. ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായി അഞ്ച് ഇന്നിങ്‌സുകളില്‍ മൂന്നോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടമാണ് ഉമേഷ് സ്വന്തം പേരിലാക്കിയത്. വെസ്റ്റിന്‍ഡീസ് ഇതിഹാസം കോര്‍ട്‌നി വാല്‍ഷാണ് ഇന്ത്യന്‍ മണ്ണില്‍ ഇത്തരമൊരു നേട്ടം ആദ്യം സ്വന്തമാക്കിയത്.

മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലെ മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ തിരിച്ചു വരവില്‍ താരം വീഴ്ത്തിയ വിക്കറ്റുകള്‍ ഇങ്ങനെ. 88 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍, 45 റണ്‍സ് വഴങ്ങി നാല്, 37 റണ്‍സ് വഴങ്ങി മൂന്ന്, 22 റണ്‍സ് വഴങ്ങി മൂന്ന്, 40 റണ്‍സ് വഴങ്ങി മൂന്ന്. രണ്ടാം ഇന്നിങ്‌സിലും മൂന്ന് വിക്കറ്റുകളായിരുന്നെങ്കില്‍ വാല്‍ഷിനെ പിന്തള്ളാനുള്ള അവസരം ഉമേഷിന് ലഭിക്കുമായിരുന്നു. എന്നാല്‍ രണ്ട് വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ ഉമേഷ് വീഴ്ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com