ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി 'ദാദ' ഭരിക്കും ; ഗാംഗുലിയും സംഘവും ഇന്ന് ചുമതലയേല്‍ക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് സെക്രട്ടറി.  കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയാകും
ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി 'ദാദ' ഭരിക്കും ; ഗാംഗുലിയും സംഘവും ഇന്ന് ചുമതലയേല്‍ക്കും


മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇനി പുതിയ ഭരണനേതൃത്വം. മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കുന്നതിനായി സുപ്രീം കോടതി മുന്‍ സിഎജി വിനോദ് റായിയുടെ അധ്യക്ഷതയില്‍ നിയോഗിച്ച മൂന്നംഗ ഭരണസമിതിയുടെ 33 മാസ ഭരണത്തിനു ശേഷമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന് പുതുവീര്യം പകര്‍ന്ന മുന്‍ ക്യാപ്റ്റന്‍ എന്ന പെരുമയുമായി അധികാരമേല്‍ക്കുന്ന ദാദ ബിസിസിഐയുടെ അമരത്തെത്തുന്നത് പ്രതീക്ഷയോടെയാണ് രാജ്യത്തെ ക്രിക്കറ്റ് പ്രേമികളും മുന്‍ കളിക്കാരും ഉറ്റുനോക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് സെക്രട്ടറി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധൂമലാണ് ട്രഷറര്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള മാഹിം വര്‍മയാണ് വൈസ് പ്രസിഡന്റ്. കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയാകും. 


ബിസിസിഐയുടെ 39-ാം പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് പദവിയില്‍ ഒമ്പതുമാസമേ കാലാവധി ലഭിക്കുകയുള്ളൂ. പുതിയ ഭരണഘടന അനുസരിച്ച് തുടര്‍ച്ചയായി 6 വര്‍ഷം ഭരണത്തിലിരുന്നവര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം അനുസരിച്ചാണിത്.  ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് പദവികളിലുണ്ടായിരുന്ന ഗാംഗുലി  ജൂലൈ അവസാനം സ്ഥാനം ഒഴിയേണ്ടിവരും

ഇന്ന് അധികാരം കൈമാറുന്ന വിനോദ് റായി അധ്യക്ഷനായ ബിസിസിഐയുടെ താല്‍ക്കാലിക ഭരണസമിതിയോട് ഓഫിസ് ഒഴിയാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഭരണസമിതി അംഗങ്ങളായ വിനോദ് റായിക്കും ഡയാന എഡുല്‍ജിക്കും 33 മാസത്തെ ഭരണത്തിന് ബിസിസിഐ വേതനമായി നല്‍കുന്നത് 3.5 കോടി രൂപ വീതമാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. 2017ല്‍ മാസം 10 ലക്ഷം രൂപ വീതവും 2018ല്‍ 11 ലക്ഷം വീതവും 2019ല്‍ 12 ലക്ഷം രൂപ വീതവും കണക്കാക്കിയാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com