വന്‍ നേട്ടവുമായി രോഹിത് ശര്‍മ; രഹാനെയ്ക്കും മുന്നേറ്റം; മാറ്റമില്ലാതെ കോഹ്‌ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപണറായി സ്ഥാനക്കയറ്റം കിട്ടിയത്, ഇരട്ട സെഞ്ച്വറിയടക്കം സ്വന്തമാക്കി ആഘോഷിച്ച ഇന്ത്യന്‍ താരം രോഹിത് ശര്‍മയ്ക്ക് മറ്റൊരു നേട്ടം
വന്‍ നേട്ടവുമായി രോഹിത് ശര്‍മ; രഹാനെയ്ക്കും മുന്നേറ്റം; മാറ്റമില്ലാതെ കോഹ്‌ലി

ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപണറായി സ്ഥാനക്കയറ്റം കിട്ടിയത്, ഇരട്ട സെഞ്ച്വറിയടക്കം സ്വന്തമാക്കി ആഘോഷിച്ച ഇന്ത്യന്‍ താരം രോഹിത് ശര്‍മയ്ക്ക് മറ്റൊരു നേട്ടം. ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ രോഹിത് പത്താം സ്ഥാനത്തേക്ക് കുതിച്ചു കയറി. 

ഐസിസി ഇന്ന് പുറത്തുവിട്ട റാങ്കിങ്ങില്‍ 722 പോയിന്റോടെയാണ് രോഹിത് പത്താം റാങ്കിലേക്ക് കയറിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ് രോഹിതിന് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി കൊടുത്തത്. റാഞ്ചിയില്‍ നടന്ന അവസാന ടെസ്റ്റിന് മുമ്പ് 22ാം റാങ്കിലായിരുന്നു രോഹിത്. 12 സ്ഥാനങ്ങളാണ് രോഹിത് മെച്ചപ്പെടുത്തിയത്. ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തും ടി20യില്‍ എട്ടാം റാങ്കിലും രോഹിത് നില്‍ക്കുന്നു. 

രോഹിതടക്കം നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് റാങ്കിങ് പട്ടികയില്‍ ആദ്യ പത്തിലുള്ളത്. വിരാട് കോഹ്‌ലി രണ്ടാം റാങ്കിലും ചേതേശ്വര്‍ പൂജാര നാലാം റാങ്കിലും അജിന്‍ക്യ രഹാനെ അഞ്ചാം റാങ്കിലും നില്‍ക്കുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് 937 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ളത്. കോഹ്‌ലിക്ക് 926 പോയിന്റുകളാണുള്ളത്. കെയ്ന്‍ വില്ല്യംസനാണ് മൂന്നാം സ്ഥാനത്ത്. 

അവസാന ടെസ്റ്റില്‍ തിളങ്ങാനാവാത്തത് കോഹ്‌ലിയുടെ റാങ്കിനെ ബാധിച്ചു. റാഞ്ചി ടെസ്റ്റിന് മുമ്പ് ഒന്നാമതുള്ള സ്റ്റീവന്‍ സ്മിത്തും കോഹ്‌ലിയും തമ്മില്‍ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 11 പോയിന്റായി. 

ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. അവസാന ടെസ്റ്റിന് മുന്‍പ് ഒന്‍പതാം സ്ഥാനത്തായിരുന്നു രഹാനെ. എന്നാല്‍ റാഞ്ചി ടെസ്റ്റിലെ സെഞ്ച്വറി പ്രകടനം രഹാനയെ അഞ്ചാം റാങ്കിലെത്തിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെിരെ പരമ്പരയില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും പൂജാര നാലാം സ്ഥാനം നിലനിര്‍ത്തി. 

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ജസ്പ്രിത് ബുമ്‌റ മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് വീണു. ഏഴാം സ്ഥാനത്തുണ്ടായിരുന്ന ആര്‍ അശ്വിന്‍ പത്താമനായി. മുഹമ്മദ് ഷമി ഒരു സ്ഥാനം മെച്ചപ്പെടുത്തി 15ാം റാങ്കിലെത്തി. ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് ഒന്നാം റാങ്കിലുള്ളത്. 

ഓള്‍ റൗണ്ടര്‍ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ട്. രവീന്ദ്ര ജഡേജ രണ്ടാം റാങ്കിലും ആര്‍ അശ്വിന്‍ ആറാം സ്ഥാനത്തും നില്‍ക്കുന്നു. വിന്‍ഡീസ് ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com