ആ പിഴവിന് കൊടുക്കേണ്ടി വന്നത് മൂന്ന് പോയിന്റ്; കൊച്ചിയില്‍ മുംബൈയ്ക്ക് കന്നി ജയം, ഉണര്‍ന്ന് കളിക്കാതെ ബ്ലാസ്‌റ്റേഴ്‌സ്‌

ആദ്യ പകുതിയില്‍ വല കുലുക്കാന്‍ പാകത്തില്‍ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് സൃഷ്ടിക്കാനായെങ്കില്‍ രണ്ടാം പകുതിയില്‍ അതുമുണ്ടായില്ല.
ആ പിഴവിന് കൊടുക്കേണ്ടി വന്നത് മൂന്ന് പോയിന്റ്; കൊച്ചിയില്‍ മുംബൈയ്ക്ക് കന്നി ജയം, ഉണര്‍ന്ന് കളിക്കാതെ ബ്ലാസ്‌റ്റേഴ്‌സ്‌

കൊച്ചി: വിജയ തുടര്‍ച്ച ലക്ഷ്യമിട്ട് ആറാം സീസണിന്റെ തുടക്കം തന്നെ ആഘോഷമാക്കാന്‍ സ്വന്തം തട്ടകത്തില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് കാലിടറി. സീസണിലെ രണ്ടാം മത്സരത്തില്‍ മുംബൈ സീറ്റിക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ബോക്‌സിനുള്ളില്‍ കാട്ടിയ പിഴവ് 82ാം മിനിറ്റില്‍ ചെര്‍മിറ്റി വിജയ ഗോളാക്കി മാറ്റി. 

ഇഞ്ചുറി ടൈമില്‍ കളി അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രമുള്ളപ്പോള്‍ ഒഗ്ബച്ചെ തകര്‍പ്പന്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദറിന്റെ സേവില്‍ സമനില പിടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം പൊലിഞ്ഞു.

സൗവിക് ചക്രവര്‍ത്തി വലത് വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ്, കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ തൊട്ടടുത്ത് കൂടി ചര്‍മിറ്റി വലയിലാക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പറും ജെയ്‌റോയും തമ്മിലുള്ള ആശയക്കുഴപ്പത്തിന് ഇടയില്‍ രണ്ടാമത്തെ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങുമെന്ന് തോന്നിച്ചു. പന്ത് നിയന്ത്രിക്കാന്‍ ബിലാലും ജെയ്‌റോയും ശ്രമിക്കവെ സ്വന്തം ഗോള്‍കീപ്പറെ തട്ടി ജെയ്‌റോ വീണു. ആളില്ലാ ഗോള്‍ പോസ്റ്റിലേക്ക് കെവിന്‍ പന്ത് തട്ടിയെങ്കിലും ബോക്‌സിനുള്ളില്‍ നിന്ന് അകന്ന് പോയി. 

4-2-3-1 എന്ന ഫോര്‍മേഷനിലാണ് രണ്ട് ടീമും കളിക്കളത്തിലേക്ക് ഇറങ്ങിയത്. കൊച്ചിയില്‍ ആദ്യമായാണ് മുംബൈ ജയം പിടിക്കുന്നത്. ആദ്യ പകുതിയില്‍ വല കുലുക്കാന്‍ പാകത്തില്‍ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് സൃഷ്ടിക്കാനായെങ്കില്‍ രണ്ടാം പകുതിയില്‍ അതുമുണ്ടായില്ല. മധ്യനിര ശോകമാവുകയും, ഗോള്‍ വല കുലുക്കാന്‍ പാകത്തില്‍ മുന്നേറ്റങ്ങള്‍ മുന്നേറ്റ നിര താരങ്ങള്‍ക്ക് സൃഷ്ടിക്കാനുമായില്ല. 

കൊല്‍ക്കത്തയ്‌ക്കെതിരെ ജയം പിടിച്ച അതേ ഇലവനെ തന്നെയാണ് ഷട്ടോരി രണ്ടാം മത്സരത്തിലും ഇറക്കിയത്. ആദ്യ പകുതിയില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും മുംബൈ ഗോള്‍ കീപ്പറെ അസ്വസ്ഥനാക്കും വിധം കളി പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. 

ഒന്നാം പകുതിയുടെ അവസാനത്തില്‍ രണ്ട് സുവര്‍ണ അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചു. ഒരു ഫ്രീ കിക്കിനു ശേഷം ജെയ്‌റോ തൊടുത്ത ഹെഡ്ഡര്‍ മുംബൈ ഗോളി അമരീന്ദര്‍ കൈപ്പിടിയിലാക്കി. അടുത്ത നിമിഷം ജെയ്‌റോ തന്നെ മറ്റൊരു ബുള്ളറ്റ് ഹെഡ്ഡറും തൊടുത്തു. എന്നാല്‍ മുസ്തഫ നിങിന് പന്ത് കണക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com