ആരാധകര്‍ക്ക് അത് ബ്രസീല്‍- അര്‍ജന്റീന ഫൈനല്‍ തന്നെ; കാണാം കിടിലന്‍ കിരീടപ്പോര്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2019 02:34 PM  |  

Last Updated: 25th October 2019 02:34 PM  |   A+A-   |  

5db1f29954d92

 

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കയിലെ ലോകകപ്പെന്ന് അറിയപ്പെടുന്ന കോപ്പ ലിബര്‍ട്ടഡോറസ് പോരാട്ടത്തില്‍ ഇത്തവണ തീപ്പാറും. ഒരു ബ്രസീല്‍- അര്‍ജന്റീന ഫൈനലിന് തുല്ല്യമായ പോരാണ് നടക്കാന്‍ പോകുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇത്തവണ ബ്രസീല്‍ ക്ലബ് ഫ്‌ളെമംഗോയും അര്‍ജന്റീന ക്ലബ് റിവര്‍പ്ലേറ്റുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. നവംബര്‍ 23 നു ചിലിയിലെ സാന്റിയാഗോയിലാണ് കലാശ പോരാട്ടം. 

ബ്രസീലിലെ അതികായരാണ് ഫ്‌ളെമംഗോ. അര്‍ജന്റീനയിലെ കരുത്തുറ്റ സാന്നിധ്യമാണ് റിവര്‍ പ്ലേറ്റ്. ലാറ്റിനമേരിക്കന്‍ ക്ലബ് ഫുട്ബാള്‍ അധിപന്മാരെ കണ്ടെത്താനാണ് ഈ പോരാട്ടം. 

സെമിയില്‍ ഫ്‌ളെമംഗോ, ഗ്രെമിയോയെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. റിവര്‍പ്ലേറ്റ് തങ്ങളുടെ പരമ്പരാഗത എതിരാളികളായ ബൊക്കാ ജൂനിയേഴ്‌സിനോട് രണ്ടാം പാദ സെമിയില്‍ ഒരു ഗോളിന് പരാജയപ്പെട്ടുവെങ്കിലും ആദ്യ പാദ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചത് അവര്‍ക്ക് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ തുണയായി. രണ്ടാം പാദത്തില്‍ ഗ്രെമിയോയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഫ്‌ളെമംഗോ ഇരു പാദങ്ങളിലുമായി 6-1ന്റെ വിജയവുമായാണ് ഫൈനല്‍ ഉറപ്പിച്ചത്. 

നീണ്ട 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്‌ളെമംഗോ കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലില്‍ കടക്കുന്നത്. റിവര്‍പ്ലേറ്റാണ് നിലവിലെ ജേതാക്കള്‍. ലാറ്റിനമേരിക്കയിലെ പരമ്പരാഗത ചാമ്പ്യന്‍ഷിപ്പാണിത്. ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ അക്ഷരാര്‍ഥത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര പോരിന്റെ ആവേശത്തിലായിരിക്കും ഫൈനല്‍.