ഫൈവ് സ്റ്റാര്‍ എടികെ! ഹൈദരാബാദിനെ ദയയില്ലാതെ തകര്‍ത്തു; കൊച്ചിയിലെ ക്ഷീണം തീര്‍ത്തത് അഞ്ച് വട്ടം വല കുലുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2019 09:53 PM  |  

Last Updated: 25th October 2019 09:53 PM  |   A+A-   |  

atkgarcia

 

കൊല്‍ക്കത്ത: അരങ്ങേറ്റക്കാരാണെന്ന ദയ പോലുമില്ലാതെ ഹൈദരാബാദിനെ തച്ചു തകര്‍ത്ത് എടികെ. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോള്‍ വഴങ്ങി തോറ്റതിന്റെ ക്ഷീണമെല്ലാം രണ്ടാം മത്സരത്തില്‍ എടികെ പമ്പ കടത്തി. 

5-0നാണ് എടികെ സീസണിലെ രണ്ടാം മത്സരത്തില്‍ ജയിച്ചു കയറിയത്. ഡേവിഡ് വില്യംസും ഗാര്‍സിയയും രണ്ട് വട്ടം വീതം ഗോള്‍ വല കുലുക്കി. ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങിയ ഇലവനില്‍ നിന്നും ഒരു മാറ്റം മാത്രമാണ് ലോപ്പസ് എടികെ വരുത്തിയത്. പ്രണോയ് ഹല്‍ഡറിന് പകരം അനസ് എടത്തൊടിക്ക പ്ലേയിങ് ഇലവനിലേക്ക് എത്തി. 

കളിയുടെ തുടക്കത്തില്‍ തന്നെ റോയ് കൃഷ്ണയും, ഡേവിഡ് വില്യംസും ചേര്‍ന്ന് എടികെയുടെ ആക്രമണത്തിന് തുടക്കമിട്ടു. 25ാം മിനിറ്റില്‍ വില്യംസിലൂടെ ആദ്യ ഗോള്‍. ജാവി ഹെര്‍ണാന്‍ഡസില്‍ നിന്നെത്തിയ ട്രൂ ബോള്‍ ഓസ്‌ട്രേലിയന്‍ സ്‌ട്രൈക്കര്‍ ഗോള്‍ വലയിലെത്തിച്ചു. രണ്ട് മിനിറ്റ് മാത്രം കഴിഞ്ഞപ്പോഴേക്കും ഡേവിഡ് വില്യംസണിന്റെ ട്രൂ ബോളില്‍ നിന്ന് റോയ് കൃഷ്ണ എടികെയുടെ ലീഡ് ഉയര്‍ത്തി. 

രണ്ട് ഗോളിന് മുന്‍പിലെത്തിയിട്ടും ആക്രമണത്തില്‍ എടികെ പിന്നോട്ടു പോയില്ല. ക്രിയേറ്റീവ് ചലനങ്ങളുമായി ഹൈദരാബാദിന് ഒരു ഘട്ടത്തിലും കളിയില്‍ മേല്‍കൈ നേടാനുമായില്ല. 44ാം മിനിറ്റില്‍ വീണ്ടും ഡേവിഡ് വില്യംസ് ഹീറോയായി. ഹൈദരാബാദിന്റെ ഓഫ്‌സൈഡ് ട്രാക്ക് മറികടന്ന് വില്യംസ് വല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പരിക്ക് പറ്റി തങ്ങളുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ക്ക് പുറത്തേക്ക് പോവേണ്ടി വരിക കൂടി ചെയ്തതോടെ ഹൈദരാബാദിന്റെ സാധ്യതകളെല്ലാം അടഞ്ഞു. 

88ാം മിനിറ്റില്‍ പ്രബിര്‍ ദാസിന്റെ പാസില്‍ നിന്നും എഡ്യു ഗാര്‍സിയ  എടികെയുടെ ലീഡ് നാലിലേക്ക് എത്തിച്ചു. നിശ്ചിത സമയം അവസാനിക്കുന്നതിന് ഒരു മിനിറ്റ് മാത്രം മുന്‍പ് ഗാര്‍സിയ പ്രബിര്‍ ദാസിന്റെ പാസില്‍ നിന്ന് ഗോള്‍ വല കുലുക്കി എടികെയുടെ ജയം ആഘോഷമാക്കി.