അടിമുടി നാടകീയത, ത്രില്ലര്‍; ക്ലാസിക്ക് പോരില്‍ നാപോളിയെ കീഴടക്കി യുവന്റസ്

ഏഴ് ഗോളുകള്‍ കണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ നാപോളിക്കെതിരെ വിജയം പിടിച്ച് യുവന്റസ്
അടിമുടി നാടകീയത, ത്രില്ലര്‍; ക്ലാസിക്ക് പോരില്‍ നാപോളിയെ കീഴടക്കി യുവന്റസ്

മിലാന്‍: ഏഴ് ഗോളുകള്‍ കണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ നാപോളിക്കെതിരെ വിജയം പിടിച്ച് യുവന്റസ്. ഇറ്റാലിയന്‍ സീരി എ കണ്ട ക്ലാസിക്ക് പോരാട്ടത്തില്‍ കളിയുടെ അവസാന നിമിഷം വരെ 3-3 എന്ന നിലയിലായിരുന്നു ഇരു പക്ഷവും. അവസാന സെക്കന്‍ഡില്‍ പിറന്ന സെല്‍ഫ് ഗോള്‍ യുവന്റസിന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. 

കളിയുടെ ഒരു ഘട്ടത്തില്‍ യുവന്റസ് 3-0ത്തിന് മുന്നിലായിരുന്നു. എന്നാല്‍ അവിടെ നിന്ന് ശക്തമായി തിരിച്ചടിച്ച നാപോളി മത്സരം ഒപ്പം പിടിച്ചു. വിജയം ഉറപ്പിച്ച് മുന്നേറിയ യുവന്റസിന്റെ നെഞ്ചില്‍ തീ കോരിയൊഴിച്ച് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചായിരുന്നു നാപോളിയുടെ ഗംഭീര തിരിച്ചടി. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ കൗലിബാലിയുടെ സെല്‍ഫ് ഗോള്‍ കാര്‍ലോസ് ആന്‍സലോട്ടിയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചു കളഞ്ഞു. ഫലം 4-3ന് യുവന്റസ് വിജയം കൊത്തി. 

മത്സരം തുടങ്ങി 16ാം മിനുട്ടില്‍ ഡാനിലോയിലൂടെ യുവന്റസ് ഗോളടിക്ക് തുടക്കമിട്ടു. മൂന്ന് മിനുട്ടിനുള്ളില്‍ ഹിഗ്വയ്‌നിലൂടെ അവര്‍ ലീഡുയര്‍ത്തി. ടേണ്‍ ചെയ്ത് മികച്ച ഷോട്ടിലൂടെ അര്‍ജന്റീന താരം വല ചലിപ്പിക്കുകയായിരുന്നു. 

രണ്ടാം പകുതി തുടങ്ങി 62ാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടി വല ചലിപ്പിച്ചതോടെ അവരുടെ ലീഡ് 3-0 എന്ന നിലയിലായി. എന്നാല്‍ അവിടെ നിന്ന് നാപോളിയുടെ തിരിച്ചടി തുടങ്ങുകയായിരുന്നു. 

ഒന്നിനു പിറകെ ഒന്നായി നാപോളി തിരിച്ചടിച്ചു. ആദ്യം 66ാം മിനുട്ടില്‍ 
കൊസ്റ്റാസ് മനോലാസ്, പിന്നാലെ 68ാം മിനുട്ടില്‍ ഹിര്‍വിങ് ലൊസാനോ എന്നിവരുടെ ഗോളുകളിലൂടെ നാപോളി ലീഡ് കുറച്ചു. 81ാം മിനുട്ടില്‍ ജിയോവാനി ഡി ലൊറന്‍സോയും വല കുലുക്കിയതോടെ യുവന്റസ് അപ്രതീക്ഷിതമായി ഞെട്ടി. 

പിന്നാലെ വിജയം പിടിക്കാനുള്ള തത്രപ്പാടിലായി ഇരു ടീമുകളും. ഒടുവില്‍ 92ാം മിനുട്ടില്‍ യുവന്റസിന് അനുകൂലമായി ഒരു ഫ്രീ കിക്ക്. കിക്ക് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം പോസ്റ്റിലേക്ക് പന്ത് എത്തിച്ച് കൗലിബാലി നാപോളിയുടെ വില്ലനായി മാറുന്ന ദുരന്ത കാഴ്ചയ്ക്കും യുവന്റസിന്റെ തട്ടകമായ ടൂറിന്‍ വേദിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com