അപരാജിതം ലിവര്‍പൂള്‍; നാലാം തുടര്‍ വിജയം; അഗ്യുറോയുടെ ഇരട്ട ഗോളില്‍ സിറ്റി

ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ മികച്ച വിജയം സ്വന്തമാക്കി
അപരാജിതം ലിവര്‍പൂള്‍; നാലാം തുടര്‍ വിജയം; അഗ്യുറോയുടെ ഇരട്ട ഗോളില്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ മികച്ച വിജയം സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം മത്സരവും വിജയിച്ച് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായി 13 മത്സരങ്ങള്‍ വിജയിച്ച് പ്രീമിയര്‍ ലീഗ് റെക്കോര്‍ഡും സ്വന്തമാക്കിയാണ് ലിവര്‍പൂളിന്റെ കുതിപ്പ്. 

ബേണ്‍ലിയുടെ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. ബേണ്‍ലിയുടെ തട്ടകത്തില്‍ ഇതുവരെ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്ന ലിവര്‍പൂളിന് ഇത്തവണ അത്തരം വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നില്ല. 

കളിയുടെ 33ാം മിനുട്ടില്‍ ക്രിസ് വുഡിന്റെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. പിന്നീട് 37ാം മിനുട്ടില്‍ സാദിയോ മാനെയും 80ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോയും ഗോളുകള്‍ നേടി പട്ടിക തികച്ചു. ഗോള്‍ നേട്ടത്തോടെ ഫിര്‍മിനോ ഒരു റെക്കോര്‍ഡും സ്വന്തമാക്കി. പ്രീമിയര്‍ ലീഗില്‍ 50 ഗോളുകള്‍ നേടുന്ന ആദ്യ ബ്രസീലിയന്‍ താരമായി ഫിര്‍മിനോ മാറി. 

ഫിര്‍മീനോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മാനെയുടെ ഗോള്‍. രണ്ടാം പകുതിയുടെ അവസാനം മുഹമ്മദ് സല കൈമാറിയ പന്തില്‍ നിന്നാണ് ഫര്‍മീനോ ഗോള്‍ നേടിയത്.

മറുപടിയില്ലാത്ത നാല് ഗോളുകള്‍ ബ്രൈറ്റനെ കീഴടക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി വിജയം സ്വന്തമാക്കിയത്. സിറ്റിക്കായി അഗ്യുറോ ഇരട്ട ഗോളുകള്‍ നേടി. കെവിന്‍ ഡി ബ്രുയ്ന്‍, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരാണ് ശേഷിച്ച ഗോളുകള്‍ വലയിലാക്കിയത്. 

കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഡി ബ്രുയ്‌നിലൂടെ സിറ്റി ലീഡ് സ്വന്തമാക്കി. 42, 55 മിനുട്ടുകളിലാണ് അഗ്യുറോ ഇരട്ട ഗോളുകള്‍ നേടിയത്. 79ാം മിനുട്ടില്‍ സില്‍വയും പന്ത് വലയിലെത്തിച്ചു. പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ ഒന്നാമതും സിറ്റി രണ്ടാം സ്ഥാനത്തും തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com