'ആറാടി' ബയേണ്‍ മ്യൂണിക്ക്; ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഞെട്ടിച്ച് യൂണിയന്‍ ബെര്‍ലിന്‍

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് ഉജ്ജ്വല വിജയം സ്വന്തമാക്കിയപ്പോള്‍ പ്രതീക്ഷയോടെ തുടങ്ങിയ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഇത്തവണ ആദ്യമായി ലീഗിലെത്തിയ യൂണിയന്‍ ബെര്‍ലിന്‍ അട്ടിമറിച്ചു
'ആറാടി' ബയേണ്‍ മ്യൂണിക്ക്; ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഞെട്ടിച്ച് യൂണിയന്‍ ബെര്‍ലിന്‍

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് ഉജ്ജ്വല വിജയം സ്വന്തമാക്കിയപ്പോള്‍ പ്രതീക്ഷയോടെ തുടങ്ങിയ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഇത്തവണ ആദ്യമായി ലീഗിലെത്തിയ യൂണിയന്‍ ബെര്‍ലിന്‍ അട്ടിമറിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം എണ്ണം പറഞ്ഞ ആറ് ഗോളുകള്‍ മെയ്ന്‍സിന്റെ വലയില്‍ നിറച്ചാണ് ബയേണ്‍ വിജയം ആഘോഷിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യൂണിയന്‍ ബെര്‍ലിന്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഞെട്ടിച്ചത്. 

കളി തുടങ്ങി ആറാം മിനുട്ടില്‍ ലീഡ് സ്വന്തമാക്കിയ മെയ്ന്‍സിന് അത് മാത്രമാണ് സന്തോഷിക്കാനുണ്ടായിരുന്നത്. പിന്നീടങ്ങോട്ട് ബയേണ്‍ താരങ്ങള്‍ സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ തകര്‍ത്താടുകയായിരുന്നു. 

ഈ സീസണില്‍ ടീമിലെത്തിയ ബെഞ്ചമിന്‍ പവാര്‍ഡ്, ഇവാന്‍ പെരിസിച്, ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ കളിക്കാനിറങ്ങി. 36ാം മിനുട്ടില്‍ പവാര്‍ഡ് തന്നെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. 45ാം മിനുട്ടില്‍ ഡേവിഡ് അലാബയിലൂടെ ബയേണ്‍ രണ്ടാം ഗോളും നേടി. 54ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്, 64ാം മിനുട്ടില്‍ കിങ്‌സ്‌ലി കോമന്‍, 78ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, 80ാം മിനുട്ടില്‍ അല്‍ഫോണ്‍സോ ഡേവിസ് എന്നിവരും ഗോളടിച്ച് ബയേണിന്റെ വിജയമുറപ്പാക്കി. ജയത്തോടെ ബാവേറിയന്‍സ് രണ്ടാം സ്ഥാനത്തേക്ക് കയറി.

ബുണ്ടസ് ലീഗയില്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു യൂണിയന്‍ ബെര്‍ലിന്‍. ഇത്തവണ കിരീടം ലക്ഷ്യമാക്കി സീസണില്‍ മികച്ച തുടക്കമിട്ട ബൊറൂസിയ ഡോര്‍ഡ്മുണ്ടിനെ സ്വന്തം തട്ടകത്തിലാണ് യൂണിയന്‍ ബെര്‍ലിന്‍ അട്ടിമറിച്ചത്. 

മാരിയസ് ബള്‍ട്ടറുടെ ഇരട്ട ഗോളുകളാണ് കളി യൂണിയന്‍ ബെര്‍ലിന്റെ വരുതിയിലാക്കിയത്. സെബാസ്റ്റിയന്‍ ആന്‍ഡേഴ്‌സന്‍ അവരുടെ ശേഷിച്ച ഗോള്‍ വലയിലാക്കി. ബൊറൂസിയക്കായി പാക്കോ അല്‍കാസര്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.  

കളി തുടങ്ങി 22ാം മിനുട്ടിലാണ് ബള്‍ട്ടര്‍ ബൊറൂസിയയെ ഞെട്ടിച്ചത്. എന്നാല്‍ മൂന്ന് മിനുട്ടിനുള്ളില്‍ അല്‍ക്കാസറിലൂടെ ബൊറൂസിയ സമനില പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ബൊറൂസിയയെ ബെര്‍ലിന്‍ ഒതുക്കി കളഞ്ഞു. 50ാം മിനുട്ടില്‍ ബള്‍ട്ടര്‍ തന്റെ രണ്ടാം ഗോളിലൂടെ ടീമിനെ മുന്നില്‍ കടത്തി. 75ാം മിനുട്ടില്‍ ആന്‍ഡേഴ്‌സന്‍ പട്ടിക തികച്ചു. അപ്രതീക്ഷിത തോല്‍വിയാണ് ബൊറൂസിയക്ക് പിണഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com