16ാം വയസില്‍ കന്നി ഗ്രാന്‍ഡ് സ്ലാം; 20 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മണ്ണില്‍ 100ാം വിജയം; സെറീന സെമിയില്‍

വനിതാ ടെന്നീസിലെ ഇതിഹാസ താരം സെറീന വില്ല്യംസിന് യുഎസ് ഓപണില്‍ 100 വിജയങ്ങളെന്ന അനുപമ നേട്ടം
16ാം വയസില്‍ കന്നി ഗ്രാന്‍ഡ് സ്ലാം; 20 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മണ്ണില്‍ 100ാം വിജയം; സെറീന സെമിയില്‍

ന്യൂയോര്‍ക്ക്: വനിതാ ടെന്നീസിലെ ഇതിഹാസ താരം സെറീന വില്ല്യംസിന് യുഎസ് ഓപണില്‍ 100 വിജയങ്ങളെന്ന അനുപമ നേട്ടം. ക്വാര്‍ട്ടര്‍ പോരാട്ടം വിജയിച്ചാണ് സെറീനയുടെ നേട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് താരവും 18ാം സീഡുമായ ഖാങ് വാങിനെ തോല്‍പ്പിച്ച് സെറീന സെമിയിലേക്ക് മുന്നേറി. 

24ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന സ്വപ്‌നത്തിലേക്ക് കുതിക്കുന്ന സെറീന യുഎസ് ഓപണില്‍ മാരക ഫോമിലാണ്. ക്വാര്‍ട്ടര്‍ പോരാട്ടം വെറും
44 മിനിറ്റിലാണ് സെറീന തീര്‍ത്തത്. മത്സരത്തില്‍ സെറീനയുടെ സമ്പൂര്‍ണ ആധിപത്യം ആണ് കാണാന്‍ സാധിച്ചത്. ഈ വര്‍ഷം വനിത ടെന്നീസിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമായും ഇത് മാറി. 

വാങിനെ 6-1, 6-0 എന്ന സ്‌കോറിനാണ് ക്വാര്‍ട്ടറില്‍ സെറീന വീഴ്ത്തിയത്. മത്സരത്തില്‍ 25 വിന്നറുകള്‍ പായിച്ച സെറീന 21ല്‍ 19 ആദ്യ സര്‍വീസ് പോയിന്റുകളും നേടി. 

യുഎസ് ഓപണില്‍ 100 വിജയങ്ങള്‍ കുറിക്കുന്ന നാലാമത്തെ മാത്രം വനിത, പുരുഷ താരമാണ് സെറീന. ഇതിഹാസങ്ങളായ ആയ മാര്‍ട്ടിന നവരത്തിലോവ, ക്രിസ് എവര്‍ട്ട്, റോജര്‍ ഫെഡറര്‍ എന്നിവര്‍ മാത്രമാണ് മുന്‍പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

16ാം വയസില്‍ തന്റെ ആദ്യ യുഎസ് ഓപണ്‍ നേടിയ സെറീന 37ാം  വയസില്‍ അതേ മണ്ണിലെ തന്റെ 100ാം വിജയം കുറിച്ചത് അവരെ സംബന്ധിച്ച് ഏറെ വൈകാരികമാണ്. തന്റെ കഠിനാധ്വാനത്തിന്റെ ഫലം ആണ് ഈ നേട്ടം എന്നു പറഞ്ഞ സെറീന നേട്ടത്തില്‍ സന്തോഷവും പ്രകടിപ്പിച്ചു.

സെമി ഫൈനലില്‍ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ഉക്രൈന്‍ താരം എലീന സ്വിവിറ്റോലിനയാണ് സെറീനയുടെ എതിരാളി. കഴിഞ്ഞ തവണ നവോമി ഓസാകയ്ക്ക് മുന്നില്‍ അടിയറവ് വച്ച കിരീടം ഇത്തവണ നേടിയെടുക്കാനുള്ള കുതിപ്പിലാണ് വെറ്ററന്‍ അമേരിക്കന്‍ ഇതിഹാസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com