''ചാമ്പ്യന്‍സ് ലീഗ് ഒരിക്കല്‍ക്കൂടി ജയിക്കാന്‍ നിന്നെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്''; മെസി നെയ്മര്‍ക്ക് അയച്ച ഈ സന്ദേശമാണ് തുടക്കം

നെയ്മറെ വീണ്ടും ബാഴ്‌സലോണയിലെത്തിക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ നടന്ന വിഷയങ്ങളാണ് ഇപ്പോള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്
''ചാമ്പ്യന്‍സ് ലീഗ് ഒരിക്കല്‍ക്കൂടി ജയിക്കാന്‍ നിന്നെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്''; മെസി നെയ്മര്‍ക്ക് അയച്ച ഈ സന്ദേശമാണ് തുടക്കം

മാഡ്രിഡ്: ഈ സീസണിലെ താര കൈമാറ്റ വിപണിയെ ചൂടുപിടിപ്പിച്ചത്, ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജി സ്വന്തമാക്കിയ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ബാഴ്‌സലോണ തിരികെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയാണ്. ബാഴ്‌സലോണയ്‌ക്കൊപ്പം ലാ ലിഗയിലെ ചിര വൈരികളായ റയല്‍ മാഡ്രിഡും നെയ്മറിനായി രംഗത്തെത്തിയത് മറ്റൊരു എല്‍ ക്ലാസിക്കോ മൂഡ് ട്രാന്‍സ്ഫര്‍ വിപണിയിലും കണ്ടു.

എന്നാല്‍ വിപണിയുടെ അവസാന ഘട്ടങ്ങളില്‍ ചിത്രത്തില്‍ ബാഴ്‌സലോണ മാത്രമായി. നെയ്മറെ കൈമാറുന്നത് സംബന്ധിച്ച് ഇരു ക്ലബുകളും ധാരണയിലെത്തി എന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. ഈ സീസണിലും നെയ്മര്‍ പിഎസ്ജിക്കായി തന്നെ പന്ത് തട്ടും. 

അതിനിടെ നെയ്മറെ വീണ്ടും ബാഴ്‌സലോണയിലെത്തിക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ നടന്ന വിഷയങ്ങളാണ് ഇപ്പോള്‍ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. നെയ്മറെ തിരികെയെത്തിക്കാന്‍ ബാഴ്‌സ തയ്യാറായത് ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസിയുടെ ഇടപെടലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍. 

ഒരുദിവസം നെയ്മറിന് മെസി അയച്ച മെസേജാണ് ട്രാന്‍സ്ഫര്‍ നാടകത്തിന് തുടക്കം കുറിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിഎസ്ജിയില്‍ ജീവിതം സുഖകരമല്ലെന്ന നെയ്മറുടെ മെസേജിനുള്ള മറുപടിയിലാണ് മെസി നെയ്മറെ ബാഴ്‌സയിലേക്ക് തിരികെ എത്താന്‍ ക്ഷണിക്കുന്നത്. ''ചാമ്പ്യന്‍സ് ലീഗ് ഒരിക്കല്‍ക്കൂടി ജയിക്കാന്‍ നിന്നെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്''- എന്നായിരുന്നു മെസിയുടെ സന്ദേശം. ഇതോടെയാണ് നെയ്മര്‍ ക്ലബ് മാറാന്‍ താത്പര്യപ്പെടുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അതിനിടെ കളിക്കാരെ പകരം നല്‍കിയും അതിനൊപ്പം വന്‍തുക ഓഫര്‍ ചെയ്തും ബാഴ്‌സലോണ തങ്ങളുടെ പഴയ സൂപ്പര്‍ താരത്തെ തിരികെയെത്തിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി പരാജയപ്പെട്ടത് ബാഴ്‌സലോണയുടെ ഡ്രസിങ് റൂമില്‍ വരെ നിരാശ പടര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നെയ്മറുടെ വിഷയത്തില്‍ തങ്ങള്‍ ചതിക്കപ്പെട്ടുവന്ന തോന്നലാണ് മിക്ക താരങ്ങള്‍ക്കമുള്ളതെന്ന് സ്പാനിഷ് മാധ്യമങ്ങളുടെ മറ്റൊരു റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. 

ഇക്കാര്യം കോച്ച് ഏണസ്‌റ്റോ വാല്‍വെര്‍ഡയോടും പ്രസിഡന്റ് ജോസപ് മരിയ ബര്‍തോമ്യുയോടും താരങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റാക്കിറ്റിച്, ഡെംബലെ എന്നിവരെയും ബാക്കി തുകയും നല്‍കി നെയ്മറെ എത്തിക്കാനായിരുന്നു ബാഴ്‌സലോണയുടെ പദ്ധതി. 

എന്നാല്‍ ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ റാക്കിറ്റിച് അതൃപ്തനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഇരയാക്കപ്പെട്ടുവെന്ന തോന്നലാണ് ക്രൊയേഷ്യന്‍ താരത്തിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com