ഫോം വീണ്ടെടുക്കാന്‍ ധവാന്‍ ; സീനിയര്‍ ടീമിലേക്ക് കണ്ണുനട്ട് സഞ്ജു ; കാര്യവട്ടത്ത് ഇന്ന് നാലാം ഏകദിനം

ആദ്യ മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യ എയെ നയിച്ച മനീഷ് പാണ്ഡെയ്ക്കു പകരം ശ്രേയസ് അയ്യരാണ് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഇന്ത്യയെ നയിക്കുക
ഫോം വീണ്ടെടുക്കാന്‍ ധവാന്‍ ; സീനിയര്‍ ടീമിലേക്ക് കണ്ണുനട്ട് സഞ്ജു ; കാര്യവട്ടത്ത് ഇന്ന് നാലാം ഏകദിനം

തിരുവനന്തപുരം : ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയിലെ നാലാം മല്‍സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ 9 മുതലാണ് മല്‍സരം. ആദ്യ മൂന്നു ഏകദിനങ്ങള്‍ വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ വന്‍ മാറ്റങ്ങളുമായാണ് ഇന്നിറങ്ങുന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകള്‍ക്കു മുന്നോടിയായി ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ശിഖര്‍ ധവാന്‍, അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം തേടി കേരളത്തിന്റെ സഞ്ജു സാംസണ്‍, തുടങ്ങി നിരവധി യുവതാരങ്ങളാണ് സീനിയര്‍ ടീമില്‍ ഇടം തേടി മികവു തെളിയിക്കാനിറങ്ങുന്നത്. 

ലോകകപ്പിനിടെ പരുക്കേറ്റ് മടങ്ങിയ ധവാന്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിലാണ് പിന്നീട് തിരിച്ചെത്തിയത്. മൂന്ന് ട്വന്റി, രണ്ട് ഏകദിന മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ധവാന് ആകെ നേടാനായത് 65 റണ്‍സ് മാത്രം. ഇതോടെ, ഫോം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ധവാനെ എ ടീമിനൊപ്പം അയച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര സെപ്റ്റംബര്‍ 15ന് ആരംഭിക്കാനിരിക്കെ, മികവ് വീണ്ടെടുക്കേണ്ടത് ധവാനും നിര്‍ണായകമാണ്.

ആദ്യ മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യ എയെ നയിച്ച മനീഷ് പാണ്ഡെയ്ക്കു പകരം ശ്രേയസ് അയ്യരാണ് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഇന്ത്യയെ നയിക്കുക. 
ആദ്യ മൂന്നു മല്‍സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നെങ്കില്‍ ഇനി മലയാളി താരം സഞ്ജു സാംസണിനാണ് ആ ചുമതല. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് സഞ്ജു. യുവതാരത്തിന്റെ ബാറ്റിങ് മികവില്‍ സെലക്ടര്‍മാര്‍ തൃപ്തരാണെങ്കിലും വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് സഞ്ജുവിന് ഈ മല്‍സരങ്ങള്‍.

ആദ്യ രണ്ടു മല്‍സരങ്ങളില്‍ തിളങ്ങാനാകാതെ പോവുകയും മൂന്നാം മല്‍സരത്തില്‍ പുറത്തിരിക്കുകയും ചെയ്ത ശുഭ്മാന്‍ ഗില്ലിനും ഈ മല്‍സരം നിര്‍ണായകമാണ്. ആദ്യ മൂന്നു മല്‍സരങ്ങളില്‍ തിളങ്ങിയ ശിവം ദുബെ മികവു തുടരാനുള്ള തയാറെടുപ്പിലാകും. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ അംഗമായിരുന്ന തമിഴ്‌നാട് താരം വാഷിങ്ടന്‍ സുന്ദറും നാലാം ഏകദിനത്തില്‍ കളിച്ചേക്കും.

ഇന്ത്യന്‍ ടീം ഇവരില്‍നിന്ന്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മോല്‍പ്രീത് സിങ്, റിക്കി ഭുയി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ശിവം ദുബെ, എം.എസ്. വാഷിങ്ടന്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രാഹുല്‍ ചഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇഷാന്‍ പോറെല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com