അവിശ്വസനീയമായി തകര്‍ന്ന് ഇന്ത്യ എ ടീം; നാലാം ഏകദിനത്തില്‍ നാടകീയ വിജയവുമായി ദക്ഷിണാഫ്രിക്ക

വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയുടെ മധ്യനിരയേയും വാലറ്റത്തേയും തകര്‍ത്താണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്
അവിശ്വസനീയമായി തകര്‍ന്ന് ഇന്ത്യ എ ടീം; നാലാം ഏകദിനത്തില്‍ നാടകീയ വിജയവുമായി ദക്ഷിണാഫ്രിക്ക

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് നാല് റണ്‍സിന്റെ തോല്‍വി. വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയുടെ മധ്യനിരയേയും വാലറ്റത്തേയും തകര്‍ത്താണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. തോറ്റെങ്കിലും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ നില ഭദ്രമാക്കിയിരുന്നു. ഇന്നലെ നടന്ന പോരാട്ടം മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. റിസര്‍വ് ദിനമായ ഇന്ന് മത്സരം പുനരാരംഭിക്കുകയായിരുന്നു. 

മഴയെ തുടര്‍ന്ന് 25 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ദക്ഷിണാഫ്രിക്ക എ ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുത്തു. ഇന്ത്യ ലക്ഷ്യത്തിലേക്ക് ബാറ്റേന്തവേ ഇന്നലെ വീണ്ടും മഴ കളി തടസപ്പെടുത്തി. റിസര്‍വ് ദിനമായ ഇന്നത്തേക്ക് മത്സരം മാറ്റിയപ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമ പ്രകാരം 193 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. എന്നാല്‍ ഇന്ത്യന്‍ പോരാട്ടം 25 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സില്‍ അവസാനിച്ചു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്ന് ഇന്നിങ്‌സ് പുനരാരംഭിച്ചത്. 

അര്‍ധ സെഞ്ച്വറി നേടിയ സീനിയര്‍ താരവും ഓപണറുമായ ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. 43  പന്തില്‍ എട്ട് ഫോറുകളുമായി ധവാന്‍ 52 റണ്‍സെടുത്തു. പ്രശാന്ത് ചോപ്ര, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ 26 റണ്‍സ് വീതം കണ്ടെത്തി. 17 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്ത ശിവം ദുബെയും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാരെല്ലാം ക്ഷണത്തില്‍ മടങ്ങി. 

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട് സഞ്ജു പെട്ടെന്ന് കൂടാരം കയറി. 12 പന്തില്‍ 17 റണ്‍സെടുത്ത് ദീപക് ചഹര്‍ ഒരു ഭാഗത്ത് മികച്ച ഷോട്ടുകളുമായി പുറത്താകാതെ നിന്ന് കളിച്ചെങ്കിലും താരത്തെ തുണയ്ക്കാന്‍ ആളുണ്ടായില്ല. 

ഒരു ഘട്ടത്തില്‍ 20.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ അഞ്ചോവറിനുള്ള ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി അന്റിച് നോര്‍ജെ, മാര്‍ക്കോ ജെന്‍സന്‍, 
സിപമ്ല എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ ദക്ഷിണാഫ്രിക്ക എ ടീമിനായി ഹെന്റിക്‌സ് 60 റണ്‍സുമായും ക്ലാസന്‍ മൂന്ന് സിക്‌സുകള്‍ സഹിതം 12 പന്തില്‍ 21 റണ്‍സുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ടെംബ ബവുമ 28 റണ്‍സില്‍ നില്‍ക്കേ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. 25 റണ്‍സെടുത്ത ഓപണര്‍ ബ്രീറ്റ്‌സ്‌കെയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദീപക് ചഹറാണ് താരത്തെ പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com