ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കുമോ? യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടാമെന്ന പ്രതീക്ഷയുമായി ഇന്ത്യന്‍ ടീമിന്റെ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്
ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കുമോ? യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

ഗുവാഹത്തി: ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യ കളിക്കുന്നത് കാണാന്‍ ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകര്‍. ഭാവിയില്‍ ഇന്ത്യ അത് സാധ്യമാക്കുമെന്ന് ആരാധകര്‍ക്ക് ഉറച്ച വിശ്വാസവുമുണ്ട്. 2022ല്‍ ഖത്തറില്‍ അരങ്ങേറാനുള്ള ലോകകപ്പില്‍ ഇന്ത്യ കളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അത് ചിലപ്പോള്‍ സംഭവിച്ചേക്കില്ലെന്ന് ആര് കണ്ടു. 

ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടാമെന്ന പ്രതീക്ഷയുമായി ഇന്ത്യന്‍ ടീമിന്റെ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. ഇന്ത്യയുടെ യോഗ്യതാ പോരാട്ടങ്ങള്‍ക്കാണ് ഇന്ന് ആരംഭം കുറിക്കുന്നത്. കരുത്തരായ ഒമാനാണ് ആദ്യ എതിരാളികള്‍. വൈകിട്ട് 7.30 മുതല്‍ ഗുവാഹത്തിയിലാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ 50ാം റാങ്കിലുള്ള ടീമാണ് ഒമാന്‍. 2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഇയില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

ഗോവയിലെ പരിശീലന ക്യാമ്പിന് ശേഷമാണ് സുനില്‍ ഛേത്രിയും സംഘവും ഗുവാഹത്തിയില്‍ എത്തിരിക്കുന്നത്. അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആഷിക് കുരുണിയന്‍ എന്നിവരാണ് ടീമിലെ മലയാളികള്‍. 

ഫിറ്റ്‌നെസ് വീണ്ടെടുത്ത് അനസ് എടത്തൊടിക ആദ്യ ഇലവനില്‍ എത്തുന്നതോടെ അനസ്- സന്ദേശ് ജിങ്കന്‍ കൂട്ടുകെട്ട് ഇന്ത്യയുടെ പ്രതിരോധത്തിന് ശക്തിപകരും. സുനില്‍ ഛേത്രി, ഉദാന്ത സിങ് സഖ്യമാണ് മുന്നേറ്റത്തിലുള്ളത്. 

ഇന്ത്യന്‍ പരിശീലകനായി സമീപ കാലത്ത് സ്ഥാനമേറ്റ ഇഗോര്‍ സ്റ്റിമാച്ചിന് ഇതുവരെ ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പരിശീലന രീതികള്‍ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്. ടാക്റ്റിക്‌സുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ആക്രമണത്തിനാണ് അദ്ദേഹം മുന്‍തൂക്കം നല്‍കുന്നത്. 4-2-3-1 ഫോര്‍മേഷനില്‍ അണിനിരത്താനാണ് സാധ്യത.

പരിശീലന മത്സരത്തില്‍ യമനെ ഒറ്റ ഗോളിന് തോല്‍പിച്ചാണ് ഒമാന്‍ ഇറങ്ങുന്നത്. ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ സഹോദരന്‍ എര്‍വിന്‍ കൂമാനാണ് ഒമാന്‍ പരിശീലകന്‍. റഷ്യന്‍ ലോകകപ്പിന്റെ  യോഗ്യതാ റൗണ്ടില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ ഒമാനോട് തോറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com