ഓഗസ്റ്റ് 1ന് മുന്‍പ് ടെസ്റ്റ് കളിച്ചിട്ടില്ല, എന്നിട്ടും ഈ വര്‍ഷത്തെ റണ്‍വേട്ടയില്‍ ഒന്നാമത്‌

രണ്ടാം ടെസ്റ്റില്‍ ആര്‍ച്ചറുടെ ഡെലിവറികള്‍ക്ക് മുന്‍പില്‍ പതറിയെങ്കില്‍ നാലാം ടെസ്റ്റില്‍ അതായിരുന്നില്ല കഥ
ഓഗസ്റ്റ് 1ന് മുന്‍പ് ടെസ്റ്റ് കളിച്ചിട്ടില്ല, എന്നിട്ടും ഈ വര്‍ഷത്തെ റണ്‍വേട്ടയില്‍ ഒന്നാമത്‌

ലീഡ്‌സിലെ ബെന്‍ സ്റ്റോക്കിന്റെ പ്രകടനത്തിലാണോ, പരമ്പരയിലുടനീളം ബാറ്റുകൊണ്ട് സംസാരിച്ചുകൊണ്ടേയിരുന്ന സ്മിത്തിന്റെ പേരിലായിരിക്കുമോ ഈ ആഷസ് പരമ്പര ഓര്‍മിക്കപ്പെടുക? ക്രിക്കറ്റ് പ്രേമികളെ ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണിത്. 

144, 142, 92,211...ആഷസില്‍ ഈ പരമ്പരയിലെ സ്മിത്തിന്റെ സ്‌കോര്‍ ഇങ്ങനെയാണ്. ബാറ്റിങ് ശരാശരി 147.25. മൂന്നാം ടെസ്റ്റില്‍ സ്മിത്ത് ബാറ്റേന്തിയിരുന്നെങ്കില്‍ ഒരുപക്ഷേ കളിയുടെ ഫലം തന്നെ അതായിരുന്നിരിക്കില്ല. ഈ വര്‍ഷം ഇതുവരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് സ്‌കോര്‍ ചെയ്ത താരവുമായി സ്മിത്ത് ആ ഇരട്ട ശതകത്തോടെ. 

ആഗസ്റ്റ് 1ന് മുന്‍പ് ഒരു ടെസ്റ്റ് മത്സരവും കളിക്കാതെയാണ് സ്മിത്ത് ടെസ്റ്റിലെ ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരില്‍ മുന്നിലെത്തിയിരിക്കുന്നതെന്നും ഓര്‍ക്കണം. രണ്ടാം ടെസ്റ്റില്‍ ആര്‍ച്ചറുടെ ഡെലിവറികള്‍ക്ക് മുന്‍പില്‍ പതറിയെങ്കില്‍ നാലാം ടെസ്റ്റില്‍ അതായിരുന്നില്ല കഥ. ക്ഷമയിലൂടേയും, ഡെലിവറികള്‍ കൃത്യമായി വിലയിരുത്തിയും, തന്റെ ശക്തിയിടങ്ങളിലേക്ക് പന്ത് ഹിറ്റ് ചെയ്യിച്ചും ആര്‍ച്ചര്‍ക്ക് മാഞ്ചസ്റ്റര്‍ സ്മിത്ത് മറുപടി നല്‍കി. 

ലോകകപ്പിലും, ആഷസിലെ ആദ്യ രണ്ട് ടെസ്റ്റിലും കൂവലായിരുന്നു ഗ്യാലറിയില്‍ നിന്ന് സ്മിത്തിന് ലഭിച്ചത്. പക്ഷേ നാലാം ടെസ്റ്റില്‍ ഇരട്ട ശതകം പൂര്‍ത്തിയാക്കി മടങ്ങിയ സ്മിത്തിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ഓള്‍ഡ് ട്രഫോര്‍ഡിലെ കാണികള്‍ ഡ്രസിങ് റൂമിലേക്ക് വിട്ടത്.

ആറാം വിക്കറ്റില്‍ നായകന്‍ ടിം പെയ്‌നുമായി ചേര്‍ന്ന് 145 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് മികച്ച സ്‌കോറിലേക്ക് സ്മിത്ത് ഓസീസിനെ എത്തിച്ചു. സ്മിത്ത് സ്‌കോര്‍ ചെയ്തിരിക്കുന്ന മൂന്ന് ഇരട്ട ശതകവും ഇംഗ്ലണ്ടിന് എതിരെയാണ്. 118 റണ്‍സില്‍ നില്‍ക്കെ തിരികെ കിട്ടിയ ജീവനാണ് ഇരട്ട ശകതത്തിലേക്ക് സ്മിത്ത് നീട്ടിയത്. ഫസ്റ്റ് സ്ലിപ്പില്‍ സ്മിത്തിനെ സ്റ്റോക്ക് കൈക്കലാക്കിയെങ്കിലും ലീച്ചിന്റെ നോബോള്‍ ഓസീസ് സൂപ്പര്‍ താരത്തിന് തുണയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com