ആഷസ്; പേസ് കൊടുങ്കാറ്റില്‍ തകര്‍ന്ന് ഇംഗ്ലീഷ് ബാറ്റിങ്; ഓസീസിന് ലീഡ്

ഓസീസ് പേസര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങിന് മുന്നില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര മൂക്കുകുത്തി വീണു
ആഷസ്; പേസ് കൊടുങ്കാറ്റില്‍ തകര്‍ന്ന് ഇംഗ്ലീഷ് ബാറ്റിങ്; ഓസീസിന് ലീഡ്

മാഞ്ചസ്റ്റര്‍: ഓസീസ് പേസര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങിന് മുന്നില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര മൂക്കുകുത്തി വീണു. ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 301 റണ്‍സില്‍ അവസാനിച്ചു. 

ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സെടുത്ത ഓസ്‌ട്രേലിയ 196 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഓസീസിന് മൊത്തം 231 റണ്‍സ് ലീഡ്. 

ഫോമിലെത്താന്‍ പെടാപ്പാട് പെടുന്ന ഓപണര്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് ആദ്യം നഷ്ടമായത്. ആറ് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് വാര്‍ണര്‍ മടങ്ങിയത്.  ആഷസ് പരമ്പരയിൽ ആറാം തവണയും ബ്രോഡിന് വിക്കറ്റ് നൽകിയാണ് വാർണർ മടങ്ങിയത്. 

പിന്നാലെ മറ്റൊരു ഓപണര്‍ മാര്‍ക്കസ് ഹാരിസും പുറത്തായി. ആറ് റണ്‍സായിരുന്നു ഹാരിസിന്റെ സമ്പാദ്യം. 11 റണ്‍സുമായി ലബുഷാനെയും മടങ്ങി. ജോഫ്രെ ആർച്ചറാണ് ലബുഷനെയെ മടക്കിയത്. ആറ് റൺസുമായി സ്റ്റീവൻ സ്മിത്തും റണ്ണൊന്നുമെടുക്കാതെ ട്രാവിസ് ഹെഡ്ഡുമാണ് ക്രീസിൽ. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. 

നേരത്തെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ഹാസ്‌ലെവുഡ്, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരുടെ മാരക ബൗളിങാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 

81 റണ്‍സെടുത്ത ജോ ബേണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 71 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ജേ റൂട്ടും തിളങ്ങി. വാലറ്റത്ത് 41 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ ബാറ്റിങാണ് സ്‌കോര്‍ 300 കടത്തിയത്. ജാസന്‍ റോയ് (22), ബെന്‍ സ്‌റ്റോക്‌സ് (26) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വലിയ സ്‌കോറിലെത്തിക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com