ഈ സീസണ്‍ അവസാനത്തോടെ മെസിക്ക് ബാഴ്‌സ വിടാം; കരാറിലെ ഞെട്ടിക്കുന്ന വ്യവസ്ഥ സ്ഥിരീകരിച്ച് ബാഴ്‌സ പ്രസിഡന്റ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th September 2019 10:28 AM  |  

Last Updated: 07th September 2019 10:28 AM  |   A+A-   |  

barca585d

 

ന്യൂകാമ്പ്‌: നെയ്മര്‍ ബാഴ്‌സയിലേക്കെത്തുമോ എന്നതിന്റെ ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. എന്നാല്‍ അതിനിടയില്‍ ആരാധകരെ ഞെട്ടിക്കുന്നൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. സീസണിന്റെ അവസാനം ക്ലബ് വിടാന്‍ പാകത്തില്‍ മെസിയുടെ കരാറിലുള്ള ക്ലോസാണ് ആരാധകരെ ഞെട്ടിക്കുന്നത്. 

സീസണിന്റെ അവസാനം റിലീസ് ക്ലോസ് തുക നല്‍കാതെ തന്നെ മെസിക്ക് ക്ലബ് വിടാം എന്ന് കരാറില്‍ വ്യവസ്ഥയുണ്ട് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആ റിപ്പോര്‍ട്ടുകളാണ് ബാഴ്‌സ പ്രസിഡന്റ് ജോസപ് മരിയ ബാര്‍ടോമ്യൂ ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. 

2017ലാണ് മെസിയുടെ കരാര്‍ ബാഴ്‌സ പുതുക്കിയത്. നാല് വര്‍ഷത്തേക്കാണ് ഈ കരാര്‍. എന്നാല്‍, കരാര്‍ കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ മെസിക്ക് ക്ലബ് വിടാന്‍ സാധിക്കുമെന്ന് ക്ലബ് പ്രസിഡന്റ് പറയുന്നു. എന്നാല്‍, മെസിയുടെ ഭാവി സംബന്ധിച്ച് ഞങ്ങള്‍ക്ക് ആശങ്കകള്‍ ഇല്ലെന്നാണ് ബാഴ്‌സ പ്രസിഡന്റിന്റെ നിലപാട്. 

ഞങ്ങള്‍ വളരെ ശാന്തരായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ബാഴ്‌സ മുന്‍ താരങ്ങളായ സാവി, ഇനിയെസ്റ്റ, പുയോള്‍ എന്നിവരുമായുള്ള ബാഴ്‌സയുടെ അവസാന കരാറും ഇങ്ങനെയായിരുന്നു. അവരാ സ്വാതന്ത്ര്യം അര്‍ഹിക്കുന്ന താരങ്ങളാണ്. അതില്‍ ഞങ്ങള്‍ ആശങ്കപ്പെട്ടിട്ട് കാര്യമില്ല. അവര്‍ ബാഴ്‌സയോട് പ്രതിജ്ഞാബന്ധരായ താരങ്ങളാണ്. 2021 വരേയും, അതിന് ശേഷവും മെസി ബാഴ്‌സയില്‍ തന്നെ കളിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങള്‍ക്കതില്‍ ആശങ്കയില്ലെന്നും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞു.