കരാര്‍ ലംഘനം; ബിസിസിഐയോട് നിരുപാധികം മാപ്പ് പറഞ്ഞ് ദിനേശ് കാര്‍ത്തിക് 

ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിബാഗോ നൈറ്റ് റൈഡേഴ്‌സും
കരാര്‍ ലംഘനം; ബിസിസിഐയോട് നിരുപാധികം മാപ്പ് പറഞ്ഞ് ദിനേശ് കാര്‍ത്തിക് 

ന്യൂഡല്‍ഹി: കരാര്‍ ലംഘനത്തില്‍ ബിസിസിഐയോട് നിരുപാധികം മാപ്പ് പറഞ്ഞ് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ത്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ ദിനേശ് കാര്‍ത്തിക് പ്രത്യക്ഷപ്പെട്ടതോടെ ബിസിസിഐ താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 

ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിബാഗോ നൈറ്റ് റൈഡേഴ്‌സും. ട്രിബാഗോയിന്റെ ജേഴ്‌സി ധരിച്ചുമാണ് ഡ്രസിങ് റൂമില്‍ കാര്‍ത്തിക് ഇരുന്നിരുന്നത്. സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് റദ്ദാക്കാതിരിക്കാന്‍ ഇതില്‍ എന്ത് വിശദീകരണമാണ് നല്‍കാനുള്ളത് എന്ന് ചോദിച്ചായിരുന്നു ബിസിസിഐ കാര്‍ത്തിക്കിന് നോട്ടീസയച്ചത്. 

ബിസിസിഐയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന താരത്തിന് ബിസിസിഐയുടെ അനുവാദമില്ലാതെ മറ്റ് ലീഗുകള്‍ കളിക്കാനോ, പങ്കെടുക്കാന്‍ പോവാനോ താരങ്ങള്‍ക്ക് അനുവാദമില്ല. ട്രിബാഗോ നൈറ്റ് റൈഡേഴ്‌സ് കോച്ചായ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ക്ഷണം സ്വീകരിച്ചാണ് അവിടേക്ക് പോയതും, ജേഴ്‌സി ധരിച്ച് ഡ്രസിങ് റൂമിലിരുന്ന് കളി കണ്ടതും എന്നാണ് ബിസിസിഐയ്ക്ക് കാര്‍ത്തിക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്. 

ടികെആറിന്റെ മത്സരങ്ങളില്‍ ഒരു വിധത്തിലുള്ള പങ്കും വഹിച്ചിട്ടില്ലെന്നും, ഇനിയുള്ള മത്സരങ്ങളില്‍ ഡ്രസിങ് റൂമില്‍ ഇരിക്കില്ലെന്നും കാര്‍ത്തിക് വിശദീകരണത്തില്‍ പറയുന്നു. കാര്‍ത്തിക് നിരുപാധിക മാപ്പ് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സിഒഎ കാര്‍ത്തിക്കിനെതിരായ നടപടികള്‍ അവസാനിപ്പിക്കാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com