മെസി, റൊണാള്‍ഡോ ഒന്നിച്ചുള്ള അത്താഴം ഇവിടെ ആകാം; വ്യത്യസ്തമായ ത്രീഡി ചിത്രമൊരുക്കി ആരാധികയുടെ ക്ഷണം

ത്രീഡി ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയാണ്
മെസി, റൊണാള്‍ഡോ ഒന്നിച്ചുള്ള അത്താഴം ഇവിടെ ആകാം; വ്യത്യസ്തമായ ത്രീഡി ചിത്രമൊരുക്കി ആരാധികയുടെ ക്ഷണം

വില്‍നിയസ്: ബാഴ്‌സലോണയുടെ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും യുവന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വര്‍ത്തമാന ഫുട്‌ബോളിന്റെ ഐക്കണുകളാണ്. ഇരുവരും തമ്മില്‍ കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് വിരുന്നാണ്. റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് പോയ ശേഷം മെസിയെ താന്‍ മിസ് ചെയ്യുന്നതായി റൊണാള്‍ഡോ പറഞ്ഞിരുന്നു. 

അതിനിടെ ഈയടുത്ത് ഇരുവരും യുവേഫ ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പ് സമയത്ത് മൊണാക്കോയില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. ഇതുവരെ തങ്ങളൊരുമിച്ച് ഡിന്നര്‍ കഴിച്ചിട്ടില്ലെന്നും ഭാവിയില്‍ അത് സംഭവിച്ചുകൂട എന്നില്ലെന്നും റൊണാള്‍ഡോ അന്ന് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. 

ഇരുവരും ഒരുമിച്ച് അത്താഴം കഴിച്ചില്ലെങ്കിലും ഇരുവരുടേയും ഒരു ത്രീഡി ചിത്രം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഇരുവരും കൂടിയുള്ള ഒരു സാങ്കല്‍പ്പിക അത്താഴ വിരുന്നാണ് ചിത്രത്തിന് പ്രചോദനം. 

ലിത്വാനിയന്‍ ആര്‍ട്ടിസ്റ്റായ ജോളിത വൈറ്റ്കുറ്റെയാണ് മനോഹരമായ ഈ സൃഷ്ടിക്ക് പിന്നില്‍. ഭക്ഷണ പദാര്‍ഥങ്ങളും ഹോട്ടല്‍ ഉപകരണങ്ങളും മറ്റുമുപയോഗിച്ചാണ് അവര്‍ ചിത്രം പൂര്‍ത്തിയാക്കിയത്. കേക്ക്, മുന്തിരി, വൈന്‍ തുടങ്ങി 658ഓളം സാധനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. 27 മണിക്കൂറോളമെടുത്താണ് ത്രിഡി ചിത്രം സാധ്യമാക്കിയത്. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസിലെ 17 കടകളില്‍ നിന്നാണ് ഇതിനാവശ്യമുള്ള സാധനങ്ങള്‍ ജോളിത ശേഖരിച്ചത്. 

മെസിക്കൊപ്പം അത്താഴമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രസ്താവനയാണ് ഈ സൃഷ്ടിക്ക് പ്രചോദനമെന്ന് ജോളിത പറയുന്നു. വില്‍നിയസിലെ ഏറ്റവും മികച്ച റസ്റ്റോറന്റില്‍ വച്ച് ഒരുമിച്ച് അത്താഴം കഴിക്കുന്നതിനായി ഇരുവരേയും ക്ഷണിക്കുന്നതായും അവര്‍ പറഞ്ഞു. അതിനുള്ള ക്ഷണമെന്ന നിലയിലാണ് ഈ ചിത്രം അവര്‍ ചെയ്തിരിക്കുന്നത്. 

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചിത്രം വന്‍ ഹിറ്റായി മാറി. ഇത് റൊണാള്‍ഡോയും മെസിയും കാണുമെന്നാണ് ജോളിത പ്രതീക്ഷിക്കുന്നത്. ഇരുവരുമായും സൗഹൃദത്തിലാകാനുള്ള ആഗ്രഹം തനിക്കുണ്ടെന്നും തന്റെ ക്ഷണം സ്വീകരിച്ച് ഇരുവരും തനിക്കൊപ്പം അത്താഴം കഴിക്കാന്‍ എത്തുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ജോളിത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com