കാര്യവട്ടത്ത് ഇന്ത്യക്ക് വിജയ പ്രതീക്ഷ; രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ന്ന് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീം വിജയത്തിലേക്ക്
കാര്യവട്ടത്ത് ഇന്ത്യക്ക് വിജയ പ്രതീക്ഷ; രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ന്ന് ദക്ഷിണാഫ്രിക്ക

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീം വിജയത്തിലേക്ക്. രണ്ടാം ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്ക ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയിലാണ്. ഒരു വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 40 റണ്‍സിന്റെ നേരിയ ലീഡ്. 

നേരത്തെ ഒന്നാം ഇന്നിങ്‌സ് 164 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 303 റണ്‍സെടുത്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ ഇന്നിങ്‌സ് 300 കടത്തിയ കേരള രഞ്ജി താരം ജലജ് സക്‌സേന ബൗളിങിലും തിളങ്ങി. താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹ്ബാസ് നദീം മൂന്ന് വിക്കറ്റുകളും നേടി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

139 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിലെ ഇന്ത്യ പിടിച്ചുകെട്ടി. ക്ലാസന്‍ (48), മള്‍ഡര്‍ (46), സുബൈര്‍ ഹംസ (44) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. 

നേരത്തെ നായകന്‍ ശുഭ്മാന്‍ ഗില്‍(90), ജലജ് സക്‌സേന(61*) എന്നിവരുടെ മികവാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ സക്‌സേനയ്‌ക്കൊപ്പം കരകയറ്റിയ ശര്‍ദുല്‍ താക്കൂറിന്റെയും(34) ഇന്നിങ്‌സും നിര്‍ണായകമായി. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡിയും പിഡ്റ്റും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com