വന്‍മതിലായി സന്ധു ; ഏഷ്യന്‍ ചാമ്പ്യന്മാരെ പിടിച്ചുകെട്ടി ; വീറുറ്റ സമനില

സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യന്‍ സംഘത്തിനായി
വന്‍മതിലായി സന്ധു ; ഏഷ്യന്‍ ചാമ്പ്യന്മാരെ പിടിച്ചുകെട്ടി ; വീറുറ്റ സമനില

ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ പിടിച്ചുകെട്ടി ഇന്ത്യ. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ ഖത്തറിനെ ഗോല്‍ രഹിത സമനിലയില്‍ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗിന്റെ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യന്‍ സംഘത്തിനായി. 

സൂപ്പര്‍ സ്‌ട്രൈക്കറും നായകനുമായ സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് അവസരം നല്‍കി. ശ്രദ്ധേയമായ നീക്കങ്ങളോടെ സഹല്‍ ആരാധകരെ ത്രസിപ്പിച്ചിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയെ നയിച്ച ഗോളി ഗുര്‍പ്രീതിന്റെ കൈകളാണ് ഇന്ത്യയുടെ അഭിമാനം നിലനിര്‍ത്തിയത്. 90 മിനുട്ടിനിടെ ഇന്ത്യന്‍ വല ലക്ഷ്യമിട്ട് ഖത്തര്‍ 27 തവണയാണ് ഷോട്ടുതിര്‍ത്തത്. എന്നാല്‍ സന്ധുവിന്റെ കൈക്കരുത്തിനും മനസാന്നിധ്യത്തിനും മുന്നില്‍ ലക്ഷ്യം ഭേദിക്കാന്‍ ഖത്തറിനായില്ല. 

ഖത്തര്‍ നിരയില്‍ ഏറ്റവും അപകടകാരി ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹായ്‌ദോസായിരുന്നു. ഇടതു പാര്‍ശ്വത്തിലൂടെ പാഞ്ഞുവരുന്ന ഹായ്‌ദോസിനെ ഗോള്‍ ഏരിയയില്‍ പൂട്ടാന്‍ ഇന്ത്യന്‍ പ്രതിരോധനിര വിയര്‍ത്തു. ഗുര്‍പ്രീതിനെ കൂടാതെ, ഇന്ത്യന്‍ വിജയത്തില്‍ പ്രതിരോധ നിര താരം സന്ദേശ് ജിംഗനും ഇന്ത്യയുടെ വീറുറ്റ സമനിലയില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗോളെന്നുറച്ച മൂന്ന് മികച്ച സേവുകളാണ് ജിംഗന്‍ നടത്തിയത്. 

 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലെ ഈ സമനിലയോടെഗ്രൂപ്പ് ഇയില്‍ ഇന്ത്യ ആദ്യ പോയിന്റ് കരസ്ഥമാക്കി. ആദ്യ മത്സരത്തില്‍ ഒമാനോട് തോറ്റിരുന്നു. ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com