ടെസ്റ്റില്‍ മറ്റൊരു സെവാഗിനെയാണോ പ്രതീക്ഷിക്കുന്നത്? എങ്കില്‍ ഫലം നിരാശയാവാനാണ് സാധ്യത

ഏത് വേരിയേഷനില്‍ വരുന്ന പന്താണെങ്കിലും പന്ത് കണ്ടാല്‍ അടിച്ചു പറത്തുക എന്ന ഫിലോസഫിയില്‍ കളിക്കുന്ന താരവുമല്ല രോഹിത്
ടെസ്റ്റില്‍ മറ്റൊരു സെവാഗിനെയാണോ പ്രതീക്ഷിക്കുന്നത്? എങ്കില്‍ ഫലം നിരാശയാവാനാണ് സാധ്യത

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ ഓപ്പണറായി പരീക്ഷിക്കുമെന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയതിന് പിന്നാലെ ആരാധകരുടെ ചോദ്യം ഇതാണ്, ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റൊരു സെവാഗ് ആവുമോ രോഹിത്? പക്ഷേ, ഏകദിനത്തില്‍ രോഹിത്തില്‍ നിന്ന് വരുന്ന വെടിക്കെട്ടും മാസ് ഇന്നിങ്‌സും ടെസ്റ്റില്‍ പ്രതീക്ഷിച്ചാല്‍ ചിലപ്പോള്‍ നിരാശരാവേണ്ടി വരും...

ഇന്ത്യയ്ക്ക് വേണ്ടി കുപ്പായമണിയുമ്പോഴെല്ലാം മികച്ച പ്രകടനമാണ് സെവാഗില്‍ നിന്ന് വന്നത്. ബൗള്‍ ചെയ്യാനെത്തുന്നത് ഏത് കൊലകൊമ്പന്‍ ബൗളറാണെങ്കിലും പേടിയെന്ന ഒന്ന് ഇല്ലാത്ത സെവാഗിന് അതൊരു പ്രശ്‌നമേയല്ല. ഫോമില്ലായ്മയുടെ സമയത്ത് പോലും അടിച്ച് തകര്‍ക്കാന്‍ പാകത്തില്‍ കരുത്ത് നിറച്ച താരം. 

രോഹിത്തിലേക്ക് വരുമ്പോഴോ?  ടെസ്റ്റില്‍ രോഹിത്തിന്റെ നിഴല്‍ മാത്രമാണ് നമ്മള്‍ ഇതുവരെ കണ്ടിരിക്കുന്നത്. മൂന്ന് സെഞ്ചുറിയും, 10 അര്‍ധ സെഞ്ചുറിയുമാണ് മുപ്പത്തിരണ്ടുകാരനായ രോഹിത്തിന്റെ ബാറ്റില്‍ നിന്നും വന്നത്. ടെസ്റ്റില്‍ ഇരട്ട ശതകത്തിലേക്ക് ഇതുവരെ ഹിറ്റ്മാന്‍ എത്തിയിട്ടുമില്ല. ഏത് വേരിയേഷനില്‍ വരുന്ന പന്താണെങ്കിലും പന്ത് കണ്ടാല്‍ അടിച്ചു പറത്തുക എന്ന ഫിലോസഫിയില്‍ കളിക്കുന്ന താരവുമല്ല രോഹിത്. 

പന്തില്‍ ചലനങ്ങളുണ്ടായാല്‍ രോഹിത്ത് അവിടെ പതറും. റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ പലവട്ടം നമ്മളത് കണ്ടതാണ്. നിലവില്‍, ഓപ്പണിങ്ങില്‍ ഇന്ത്യ പെട്ടെന്ന് കണ്ടെത്തിയ പോംവഴിയായെ രോഹിത്തിനെ കാണാനാവുകയുള്ളു. 2019 ലോകകപ്പിലെ അഞ്ച് സെഞ്ചുറികള്‍ എന്ന നേട്ടമാണ് രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണറായി ഇറക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കിയത്. 

സെവാഗിന്റേതിനൊപ്പം നില്‍ക്കുന്ന കഴിവും, വീരുവിനേക്കാള്‍ ഒരുപിടി മുന്‍പില്‍ നില്‍ക്കുന്ന ഫൂട്ട് വര്‍ക്കുമാണെങ്കിലും ടെസ്റ്റില്‍ സെവാഗില്‍ നമ്മള്‍ കണ്ടത് രോഹിത്തില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ അത് നല്‍കുന്നത് നിരാശയാവും. 

എന്നാല്‍, ഏകദിനത്തില്‍ ഓപ്പണിങ്ങിലേക്ക് എത്തിയതിന് ശേഷമാണ് രോഹിത്ത് കരിയറിലെ തന്റെ ഉയര്‍ച്ചകള്‍ കണ്ടെത്തിയത്. അതുപോലെ ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയും റെഡ് ബോള്‍ ക്രിക്കറ്റിലും ചരിത്രം രചിക്കാനുള്ള സാധ്യതകള്‍ രോഹിത്തിന് മുന്‍പിലുണ്ട്. സെവാഗിനെ ഓപ്പണറായി ഇറക്കാനുള്ള ഗാംഗുലിയുടെ തീരുമാനമായിരുന്നു സെവാഗിന്റെ കരിയറില്‍ നിര്‍ണായകമായത്. അതുപോലെ രോഹിത്തിന്റെ കരിയറിലെ നിര്‍ണായക മാറ്റവുമാവാം ഇത്...

ടെസ്റ്റില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ പോലും കൂറ്റനടികള്‍ക്ക് രോഹിത് മടിച്ചിട്ടില്ല. തന്റെ ബാറ്റിങ് ശൈലി അതാണെന്ന് രോഹിത് അവിടെ വ്യക്തമാക്കുകയാണ് അത്തരം ഷോട്ടുകള്‍ തെരഞ്ഞെടുത്ത്. ഓപ്പണിങ്ങിലേക്ക് എത്തുമ്പോള്‍ തന്റെ ശൈലിയില്‍ ബാറ്റേന്തി സ്വാതന്ത്ര്യത്തോടെ രോഹിത്തിന് കളിക്കാനായാല്‍ ഇന്ത്യയ്ക്കത് ഗുണം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com