ഇത്‌ ഫുട്‌ബോളാണോ? ഇന്ത്യന്‍ വനിതാ താരങ്ങള്‍ കളിക്കുന്നത് ചെളിക്കുണ്ടില്‍

പന്ത് നീക്കാന്‍ പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഗ്രൗണ്ടിലാണ് ഇവരോട് കളിക്കാന്‍ ആവശ്യപ്പെട്ടത്
ഇത്‌ ഫുട്‌ബോളാണോ? ഇന്ത്യന്‍ വനിതാ താരങ്ങള്‍ കളിക്കുന്നത് ചെളിക്കുണ്ടില്‍

ഖത്തറിനെതിരായ ഇന്ത്യയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് എല്ലാവരും. ഫുട്‌ബോള്‍ ലോകകപ്പ് എന്നതിലേക്കുള്ള ദൂരം ഒരുപടി കുറഞ്ഞുവെന്ന് വരെ വിലയിരുത്തപ്പെട്ടു. ഈ സമയമാണ് ഇന്ത്യന്‍ വനിതാ കായിക താരങ്ങളുടെ ദുരവസ്ഥ പുറത്തു വരുന്നത്. മഴവെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്ന സ്റ്റേഡിയത്തിലാണ് ഇവര്‍ക്ക് കളിക്കാനായി ഇറങ്ങേണ്ടി വന്നത്. 

അരുണാചല്‍ പ്രദേശില്‍ നടക്കുന്ന 25ാമത് സീനിയര്‍ വുമണ്‍സ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലാണ് സംഭവം. പന്ത് നീക്കാന്‍ പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഗ്രൗണ്ടിലാണ് ഇവരോട് കളിക്കാന്‍ ആവശ്യപ്പെട്ടത്. പാസുകളെന്നത് ഇവിടെ സാധ്യമാവുന്നതേയില്ല. കര്‍ണാടക വനിതാ ഫുട്‌ബോള്‍ ടീം നായികയാണ് സംഭവം എല്ലാവരുടേയും ശ്രദ്ധയിലേക്ക് കൊണ്ടുവന്ന് ട്വീറ്റുമായി എത്തിയത്. 

ബിഹാറിനെതിരെ ഞങ്ങള്‍ തോറ്റു. കരഞ്ഞുകൊണ്ടാണ് ഞാന്‍ ഗ്രൗണ്ട് വിട്ടത്. തോറ്റത് കൊണ്ടല്ല കരഞ്ഞത്. കാരണം, അവിടെ കളിച്ചത് ഫുട്‌ബോള്‍ ആണെന്ന് പറയാനാവില്ല. ഗ്രൗണ്ടില്‍ വെള്ളക്കെട്ടായിരുന്നു. പന്ത് ചലിപ്പിക്കാനാവുന്നുണ്ടായില്ല. ഹൃദയം തകര്‍ക്കുന്ന സാഹചര്യമായിരുന്നു അവിടെ. ജയിച്ചിരുന്നു എങ്കില്‍ പോലും എനിക്ക് സന്തോഷിക്കാനാവുമായിരുന്നില്ല, തന്‍വി ഹന്‍സ് ട്വീറ്റ് ചെയ്തു. 

തന്‍വിയുടെ ട്വീറ്റിന് പിന്നാലെ വുമണ്‍ ഫുട്‌ബോള്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും ഗ്രൗണ്ടിന്റെ വീഡിയോയും ട്വിറ്ററിലെത്തി. ഇതും നമ്മുടെ ടീം തന്നെയാണ്. ഇതും നമ്മുടെ കളിക്കാര്‍ തന്നെയാണെന്നാണ് വുമണ്‍സ് ഫുട്‌ബോള്‍ ഇന്ത്യ ഓര്‍മപ്പെടുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com