ദിനേശ് മോംഗിയ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങിയതിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയ കളിക്കാരില്‍ മോംഗിയയും ഉള്‍പ്പെട്ടിരുന്നു
ദിനേശ് മോംഗിയ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ താരം ദിനേശ് മോംഗിയ. ഇന്ത്യയ്ക്ക് വേണ്ടി 12 വര്‍ഷം മുന്‍പാണ് മോംഗിയ അവസാനമായി ഏകദിനം കളിക്കാനിറങ്ങിയത്. 2003ല്‍ ഫൈനല്‍ വരെ എത്തിയ ഇന്ത്യ ടീമില്‍ അംഗമായിരുന്നു ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ മോംഗിയ. 

2007ല്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരെയാണ് മോംഗിയ അവസാനമായി കളിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങിയതിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയ കളിക്കാരില്‍ മോംഗിയയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഐസിഎല്ലിന്റെ ഭാഗമായ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ബിസിസിഐ പിന്നീട് പിന്‍വലിച്ചെങ്കിലും മോംഗിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് മാത്രം പിന്‍വലിച്ചില്ല. 

ഒത്തുകളിയില്‍ മോംഗിയയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നു വന്നതോടെയാണ് വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറാവാതിരുന്നത്. ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ലോ വിന്‍സന്റാണ് മോംഗിയയ്ക്കും, കീവിസ് ഓള്‍ റൗണ്ടര്‍ ക്രിസ് കെയര്‍ന്‌സിനും ഒത്തുകളിയില്‍ പങ്കുണ്ടെന്നാണ് 2015ല്‍ ലണ്ടനിലെ കോടതിയല്‍ വെളിപ്പെടുത്തിയത്. 

2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച മോംഗിയ 57 ഏകദിനങ്ങള്‍ കളിച്ചു. 1230 റണ്‍സാണ് മോംഗിയയ്ക്ക് നേടാനായത്. 14 വിക്കറ്റും കരിയറില്‍ വീഴ്ത്തി. 2002 മാര്‍ച്ചില്‍ ഗുവാഹട്ടിയില്‍ സിംബാബ്വെയ്‌ക്കെതിരെ 159 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീര്‍ത്താണ് മോംഗിയ പേരെടുത്തത്. 2003 ലോകകപ്പില്‍ 11 കളികളില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ട മോംഗിയയ്ക്ക് ബാറ്റ് ചെയ്യാനായത് 6 ഇന്നിങ്‌സിലാണ്. എന്നാല്‍, 6 ഇന്നിങ്‌സിലായി മോംഗിയയുടെ ഉയര്‍ന്ന സ്‌കോര്‍ 42 റണ്‍സായിരുന്നു. 

ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരമായ സോളിഡാരിറ്റി ട്വന്റി20 മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരേയും മോംഗിയ ഇറങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടി 121 മത്സരങ്ങള്‍ കളിച്ച മോംഗിയ 8028 റണ്‍സ് നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com