തുടര്‍ച്ചയായി 16ാം തവണയും വിജയത്തുടക്കമിട്ട് ബയേണ്‍; ടീമിനായി 200 ഗോളുകള്‍ തികച്ച് ലെവന്‍ഡോസ്‌കി

ജര്‍മന്‍ കരുത്തരും മുന്‍ ചാമ്പ്യന്മാരുമായ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് വിജയത്തോടെ തുടക്കമിട്ടു
തുടര്‍ച്ചയായി 16ാം തവണയും വിജയത്തുടക്കമിട്ട് ബയേണ്‍; ടീമിനായി 200 ഗോളുകള്‍ തികച്ച് ലെവന്‍ഡോസ്‌കി

മ്യൂണിക്ക്: ജര്‍മന്‍ കരുത്തരും മുന്‍ ചാമ്പ്യന്മാരുമായ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് വിജയത്തോടെ തുടക്കമിട്ടു. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന പോരില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെ പരാജയപ്പെടുത്തി. കിങ്സ്ലി കോമന്‍, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, തോമസ് മുള്ളര്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. മത്സരത്തിലുടനീളം ബയേണ്‍ കടുത്ത ആക്രമാണ് അഴിച്ചുവിട്ടത്. പ്രതിരോധ കോട്ട കെട്ടിയത് കൊണ്ടു മാത്രമാണ് റെഡ് സ്റ്റാര്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ മത്സരത്തില്‍ രക്ഷപ്പെട്ടത്. 

34ാം മിനുട്ടില്‍ കോമന്റെ മനോഹരമായ ഹെഡ്ഡറിലൂടെയാണ് ബയേണ്‍ മ്യൂണിക്ക് ആദ്യ ഗോള്‍ നേടിയത്. ഏറെ വൈകാതെ കുട്ടീഞ്ഞോ റെഡ്സ്റ്റാറിന്റെ വല കുലുക്കിയെങ്കിലും ഓഫ്‌സൈട് ഫ്‌ളാഗുയര്‍ന്നു. 

ശേഷിച്ച രണ്ട് ഗോളുകള്‍ കളിയുടെ അവസാന പത്ത് മിനുട്ടിനുള്ളിലാണ് ബയേണ്‍ നേടിയത്. 80ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ബുദ്ധിപരമായ നീക്കമാണ് പന്ത് വലയിലേക്ക് കയറാനിടയാക്കിയത്. പോളണ്ട് നായകന്റെ ബയേണ്‍ കുപ്പായത്തിലുള്ള 200ാം ഗോളായിരുന്നു ഇത്. റെഡ് സ്റ്റാര്‍ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്താണ് ലെവന്‍ഡോസ്‌കി സ്‌കോര്‍ ചെയ്തത്. 

കുട്ടീഞ്ഞോയുടെ പകരക്കാരനായെത്തിയ മുള്ളറുടെ അവസരമായിരുന്നു അടുത്തത്. ബോക്‌സിന് തൊട്ടു പുറത്ത് വച്ച് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു മുള്ളറുടെ ഗോളിന്റെ പിറവി. ഷോട്ടെടുത്ത തിയാഗോ അല്‍ക്കന്താര പന്ത് ചിപ്പ് ചെയ്ത് ബോക്‌സില്‍ ഫ്രീയായി നിന്ന മുള്ളറിന് മറിച്ചു നല്‍കി. സുന്ദരമായി പന്ത് വലയില്‍ കയറ്റേണ്ട ജോലി മാത്രമായിരുന്നു മുള്ളര്‍ക്ക്. താരം അത് സമര്‍ഥമായി നടപ്പാക്കുകയും ചെയ്തപ്പോള്‍ ഡഗൗട്ടില്‍ കോച്ച് നിക്കോ കോവാചിന്റെ മുഖത്തും പുഞ്ചിരി പടര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com