ഐഎസ്എല്ലില്‍ പന്ത് തട്ടാനെത്തുന്നു 'ബേബി ജെറ്റ്'; ഘാന ഇതിഹാസം നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡില്‍

ഘാനയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളും ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ അസമോവ ഗ്യാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്ത് തട്ടാനെത്തുന്നു
ഐഎസ്എല്ലില്‍ പന്ത് തട്ടാനെത്തുന്നു 'ബേബി ജെറ്റ്'; ഘാന ഇതിഹാസം നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡില്‍

ഗുവാഹത്തി: ഘാനയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളും ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ അസമോവ ഗ്യാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്ത് തട്ടാനെത്തുന്നു. ഐഎസ്എല്‍ ടീം നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് താരത്തെ ടീമിലെത്തിച്ചു. താരത്തിന്റെ വരവ് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറിയ ഗോളടി യന്ത്രം ബെര്‍ത്തലോമിയ ഓഗ്‌ബെച്ചെക്ക് പകരമാണ് ഗ്യാനെ നോര്‍ത്ത്ഈസ്റ്റ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. താരത്തെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

2014ല്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ടോപ് സ്‌കോററായിരുന്നു ഗ്യാന്‍. തുര്‍ക്കി ക്ലബില്‍ കരാര്‍ അവസാനിച്ച താരം ജൂലൈ ഒന്നുമുതല്‍ ഫ്രീ ഏജന്റായിരുന്നു. പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി 36 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 11 ഗോള്‍ നേടിയിട്ടുണ്ട്. ലോണില്‍ യുഎഇ ക്ലബ് അല്‍ ഐനില്‍ കളിച്ച പരിചയവും ഗ്യാനിനുണ്ട്. 83 മത്സരങ്ങളില്‍ 95 ഗോളുകളാണ് അവിടെ ഘാന സൂപ്പര്‍ താരം അടിച്ചുകൂട്ടിയത്. ലീഗ് വണ്ണില്‍ റെന്നസിനായും പന്തുതട്ടി.

ഘാനക്കായി 2003ല്‍ 17ാം വയസിലായിരുന്നു അസമോവ ഗ്യാനിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. സൊമാലിയക്കെതിരെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി ശ്രദ്ധയാകര്‍ഷിച്ചു. ഘാനക്കായി 107 മത്സരങ്ങളില്‍ 51 ഗോളുകള്‍ അടിച്ചുകൂട്ടി. 2006 ലോകകപ്പില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ 68ാം സെക്കന്റില്‍ ഗോള്‍ നേടി ഗ്യാന്‍ ചരിത്രമെഴുതി. 

2010, 2014 ലോകകപ്പുകളിലും ഗോള്‍ നേടിയ അസമോവ ഗ്യാന്‍ കഴിഞ്ഞ മെയില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ബൂട്ടഴിച്ചു. നടക്കാനിരിക്കുന്ന ഐഎസ്എല്‍ സീസണില്‍ മാക്‌സിമിലിയാനോ ബരെരിയോ, സുഭാശിഷ് റോയ്, കെയ് ഹീറിങ്‌സ് എന്നിവര്‍ക്കൊപ്പം മുന്നേറ്റത്തില്‍ ഗ്യാനിന്റെ മികവും ആരാധകര്‍ക്ക് കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com