'ഇടി'വെട്ട് അമിത് പംഗല്‍; ചരിത്ര നേട്ടം; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് ചരിത്രമെഴുതി ഇന്ത്യയുടെ അമിത് പംഗല്‍
'ഇടി'വെട്ട് അമിത് പംഗല്‍; ചരിത്ര നേട്ടം; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

നൂര്‍ സുല്‍ത്താന്‍ (കസാഖിസ്ഥാന്‍): ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്ന് ചരിത്രമെഴുതി ഇന്ത്യയുടെ അമിത് പംഗല്‍. ലോക പോരിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന നേട്ടമാണ് അമിത് പാംഗല്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. 52 കിലോ വിഭാഗത്തില്‍ കസാഖിസ്ഥാന്റെ സാക്കെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് അമിത് ഫൈനലില്‍ പ്രവേശിച്ചത്. സെമി ഫൈനലില്‍ 3-2 നായിരുന്നു അമിത്തിന്റെ വിജയം. ഇന്ന് നടക്കുന്ന ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ഷക്കോബിദിന്‍ സോറോവിനെ അമിത് നേരിടും. 

2018ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവായ അമിത് ഈ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ അമിത് 2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയിട്ടുണ്ട്. അതേ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലുമെത്തി. 

പാംഗലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും സെമി ഫൈനലിന് അപ്പുറത്തേക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. നേരത്തെ വിജേന്ദര്‍ സിങ്, വികാസ് കൃഷ്ണന്‍, ശിവ ഥാപ്പ, ഗൗരവ്വ് ബിദുരി എന്നിവര്‍ മെഡല്‍ നേടിയിരുന്നുവെങ്കിലും ആര്‍ക്കും ഫൈനലിലെത്താനായില്ല. ഒരു എഡിഷനില്‍ ഒന്നിലധികം മെഡലുകള്‍ എന്ന നേട്ടവും ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സ്വന്തമാക്കി. അമിതും മനീഷ് കൗശിക്കും സെമിയില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ രണ്ട് മെഡല്‍ ഉറപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com