പന്തിനെ മാറ്റില്ല, എന്നാല്‍ ഈ മാറ്റങ്ങളെങ്കിലും? മൂന്നാം ട്വന്റി20യില്‍ അഴിച്ചു പണിയുടെ വഴികള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തില്‍ തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം ശ്രേയസ് അയ്യര്‍ ഉപയോഗപ്പെടുത്തിയിരുന്നു
പന്തിനെ മാറ്റില്ല, എന്നാല്‍ ഈ മാറ്റങ്ങളെങ്കിലും? മൂന്നാം ട്വന്റി20യില്‍ അഴിച്ചു പണിയുടെ വഴികള്‍

രമ്പര സമനിലയിലാക്കാന്‍ ലക്ഷ്യമിട്ടാവും സൗത്ത് ആഫ്രിക്ക നാളെ ബംഗളൂരുവില്‍ ഇറങ്ങുക. മൂന്നാം ട്വന്റിയില്‍ ഡികോക്കിന് ജയം അനിവാര്യമാണെന്ന് വരുമ്പോള്‍ കളി കാര്യമാവുമെന്നുറപ്പ്. രണ്ടാം ട്വന്റി20 ജയിച്ചു കയറിയതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് മൂന്നാം ട്വന്റി20യില്‍ മാറ്റത്തിന് തയ്യാറാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്...

കൃത്യമായി പറഞ്ഞാല്‍ പന്തിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറക്കി ശ്രേയസ് അയ്യരെ നാലാമനായി ഇറക്കാന്‍ ഇന്ത്യ തയ്യാറാവുമോ എന്നത് തന്നെ ചോദ്യം. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തില്‍ തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം ശ്രേയസ് അയ്യര്‍ ഉപയോഗപ്പെടുത്തിയിരുന്നു. 

രണ്ടാം ട്വന്റി20യില്‍ പന്ത് വിക്കറ്റ് കളഞ്ഞ് പോയതിന് പിന്നാലെ, ക്രീസിലേക്കെത്തിയ ശ്രേയസ് കോഹ് ലിയില്‍ അധിക സമ്മര്‍ദ്ദം നിറയ്ക്കാതെ കളിച്ചു. 16 റണ്‍സാണ് രണ്ടാം ട്വന്റി20യില്‍ ശ്രേയസ് നേടിയത്. പന്താവട്ടെ നിരാശാജനകമായ പ്രകടനം ആവര്‍ത്തിച്ച് നാല് റണ്‍സിന് പുറത്തായി. ബാറ്റിങ് ഓര്‍ഡറില്‍ ശ്രേയസിനെ നാലാമത് കയറ്റുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. എന്നാല്‍ പന്തിന് വീണ്ടും അവസരം നല്‍കാനാണോ ടീം മാനേജ്‌മെന്റിന്റെ നീക്കമെന്ന് നാളെ അറിയാം. 

മധ്യനിരയില്‍ മനീഷ് പാണ്ഡേ

രാജ്യാന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ കളി പുറത്തെടുക്കാന്‍ മനീഷ് പാണ്ഡേയ്ക്ക് ഇതുവരെയായിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ നിന്ന് തന്നെ വ്യക്തമായി കാണാം മനീഷ് പാണ്ഡേയുടെ കഴിവ്. ടീമില്‍ ഉള്‍പ്പെടുത്തിയിട്ട് പ്ലേയിങ് ഇലവനില്‍ കളിക്കാന്‍ അവസരം നല്‍കുന്നില്ലെങ്കില്‍ അത് ആ കഴിവിനെ പാഴാക്കുന്നതിന് തുല്യമാവും. 

എന്നാല്‍ പ്ലേയിങ് ഇലവനില്‍ എവിടെ മനീഷിനെ ബാറ്റ് ചെയ്യിക്കാനിറക്കും എന്നതാണ് ചോദ്യം. ക്രുനാല്‍ പാണ്ഡ്യയ്ക്ക് പകരം മനീഷിനെ ഇറക്കാനുള്ള വഴിയാണ് മുന്‍പിലുള്ളത്. മൊഹാലിയില്‍ ഒരു ഓവര്‍ മാത്രമാണ് ക്രുനാല്‍ എറിഞ്ഞത്. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ നിരവധി ഓപ്ഷനുകള്‍ ഇന്ത്യയ്ക്കുണ്ട്. ഈ സാഹചര്യത്തില്‍ ക്രുനാല്‍ പാണ്ഡ്യയ്ക്ക് പകരം മനീഷിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാവും. 

വാഷിങ്ടണ്‍ സുന്ദറിന് പകരം രാഹുല്‍ ചഹര്‍

ട്വന്റി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കി കളിച്ചിട്ടുണ്ട്. 11 കളിയില്‍ നിന്ന് 12 വിക്കറ്റാണ് ഈ ഓഫ് സ്പിന്നറുടെ സമ്പാദ്യം. എന്നാല്‍, കഴിഞ്ഞ കുറേ ട്വന്റി20യില്‍ മികവ് കാണിക്കാന്‍ ഈ യുവതാരത്തിനായിട്ടില്ല. കഴിഞ്ഞ രണ്ട് ട്വന്റി20യിലും താരത്തിന് വിക്കറ്റ് വീഴ്ത്താനായില്ല. 

രണ്ടാം ട്വന്റി20യില്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാനും സുന്ദറിനായില്ല. മാത്രമല്ല, ലെഗ് സ്പിന്നര്‍മാര്‍ക്ക് മുന്‍പില്‍ കുഴങ്ങുന്ന സൗത്ത് ആഫ്രിക്കയുടെ പതിവും പരിഗണിച്ചാല്‍ രാഹുല്‍ ചഹറിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന വാദത്തിനാവും ശക്തി വരിക. ബാറ്റിങ്ങിലും ഇന്ത്യയ്ക്ക് രാഹുല്‍ ചഹറിനെ ആശ്രയിക്കാം എന്നതും പ്ലസ് പോയിന്റാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com