ലോക ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ അമിത് പംഗലിന് വെള്ളി

റഷ്യയിലെ യെക്കാറ്റരിന്‍ബര്‍ഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിലായിരുന്നു അമിതിന്റെ മത്സരം.
ലോക ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ അമിത് പംഗലിന് വെള്ളി

യെക്കാറ്റരിന്‍ബര്‍ഗ്(റഷ്യ): ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗലിന് വെള്ളി. ഫൈനലില്‍ ഉസ്‌ബെകിസ്താന്റെ ഷാഖോബിദീന്‍ സൈറോവിനോട് അമിത് തോല്‍ക്കുകയായിരുന്നു. അതേസമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡ് അമിതിന് സ്വന്തമായി. 

നിലവിലെ ഒളിമ്പിക് ചാമ്പ്യനായ സൈറോവിനോട് 0-5നാണ് അമിത് പരാജയപ്പെട്ടത്. റഷ്യയിലെ യെക്കാറ്റരിന്‍ബര്‍ഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിലായിരുന്നു അമിതിന്റെ മത്സരം. നേരത്ത വനിതാ വിഭാഗത്തില്‍ മേരികോം ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ പുരുഷ താരത്തിന് ഇതുവരെ ആ നേട്ടം കൈവരിക്കാനായിട്ടില്ല. 

2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയതോടെയാണ് അമിത് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് 2018ലെ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പംഗല്‍ സ്വര്‍ണ്ണം നേടിയിരുന്നു. 2018ല്‍ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു.

ഹരിയാണയിലെ റോത്തക് ജില്ലയിലെ മെയ്‌ന വില്ലേജില്‍ 1995 ഒക്ടോബര്‍ 16നാണ് അമിത്തിന്റെ ജനനം. പിതാവ് ചൗധരി വിജേന്ദര്‍ സിങ് പംഗല്‍ കര്‍ഷകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com