അടിച്ചു കൂട്ടിയത് എണ്ണം പറഞ്ഞ എട്ട് ഗോളുകള്‍; മാഞ്ചസ്റ്റര്‍ സിറ്റി മാസല്ല, കൊല മാസല്ല, അതുക്കും മേലെ!

കളിയുടെ ആദ്യത്തെ 18 മിനുട്ടിനുള്ളില്‍ തന്നെ എതിരാളിയുടെ വയില്‍ നിറച്ചത് അഞ്ച് ഗോളുകള്‍! 90 മിനുട്ടും കഴിഞ്ഞ് ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ വിജയം 8-0ത്തിന്
അടിച്ചു കൂട്ടിയത് എണ്ണം പറഞ്ഞ എട്ട് ഗോളുകള്‍; മാഞ്ചസ്റ്റര്‍ സിറ്റി മാസല്ല, കൊല മാസല്ല, അതുക്കും മേലെ!

ലണ്ടന്‍: കളിയുടെ ആദ്യത്തെ 18 മിനുട്ടിനുള്ളില്‍ തന്നെ എതിരാളിയുടെ വയില്‍ നിറച്ചത് അഞ്ച് ഗോളുകള്‍! 90 മിനുട്ടും കഴിഞ്ഞ് ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ വിജയം 8-0ത്തിന്. ഈ സീസണില്‍ നിറം മങ്ങിയോ എന്ന് നെറ്റി ചുളിച്ചവര്‍ ഇനി പറയും മാഞ്ചസ്റ്റര്‍ സിറ്റി മാസല്ല, കൊല മാസല്ല, അതുക്കും മേലെ എന്ന്. ഇംഗ്ലീഷ് പ്രമീയര്‍ ലീഗ് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് അവര്‍ വാട്‌ഫോര്‍ഡിനെ തകര്‍ത്തെറിഞ്ഞു. 

ആദ്യ 18 മിനുട്ടില്‍ അഞ്ച് ഗോളുകള്‍ നേടി സിറ്റി പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡിട്ടു. ഇത്തരമൊരു ഗോളടി ലീഗില്‍ ആദ്യമാണ്. അതേസമയം പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ജയം എന്ന റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് നഷ്ടമായത് നേരിയ വ്യത്യാസത്തിലാണ്. 1995ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടിയ 9-0ന്റെ വിജയമാണ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം. ഇപ്‌സ്വിച് ടൗണ്‍ സിറ്റിക്കെതിരെയായിരുന്നു യുനൈറ്റഡിന്റെ ജയം. എങ്കിലും പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് ഒരു ഗോളിന് നഷ്ടമായെങ്കിലും ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും വലിയ ജയമായിരുന്നു വാട്‌ഫോര്‍ഡിനെതിരെ സ്വന്തമാക്കിയത്.

ബെര്‍ണാഡോ സില്‍വയുടെ ആദ്യ പ്രീമിയര്‍ ലീഗ് ഹാട്രിക്കിന്റെ മികവിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉജ്ജ്വല വിജയം. ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യുറോ, റിയാദ് മഹ്‌രെസ്, നിക്കോളാസ് ഒടാമെന്‍ഡി, കെവിന്‍ ഡി ബ്രുയ്ന്‍ എന്നിവരും സില്‍വയ്‌ക്കൊപ്പം ഗോളുകള്‍ നേടി. 

കളി തുടങ്ങി ഒന്നാം മിനുട്ടില്‍ തന്നെ ഡേവിഡ് സില്‍വയിലൂടെ സിറ്റി ഗോളടി മേളത്തിന് തുടക്കമിട്ടു. ഏഴാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി അഗ്യുറോ രണ്ടാം ഗോളും നേടി. പിന്നാലെ 12ാം മിനുട്ടില്‍ റിയാദ് മഹ്‌രെസിന്റെ വക മൂന്നാം ഗോള്‍. 15ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വ തന്റെ ആദ്യ ഗോളിലൂടെ സിറ്റിയുടെ ലീഡ് നാലിലെത്തിച്ചു. 18ാം മിനുട്ടില്‍ നിക്കോളാസ് ഒടാമെന്‍ഡി അഞ്ചാം ഗോളും നിക്ഷേപിച്ചു. കണ്ണടച്ചു തുറക്കും മുന്‍പ് അഞ്ച് ഗോളുകള്‍ വാട്‌ഫോര്‍ഡിനെ ഹതാശരാക്കി. ആദ്യ 18 മിനുട്ടിനുള്ളില്‍ തന്നെ അവര്‍ തോല്‍വി സമ്മതിച്ചു.

ശേഷിച്ച സമയത്ത് സിറ്റി എത്ര ഗോളിന് ജയിക്കും എന്നത് മാത്രമായിരുന്നു ആരാധകരെ സംബന്ധിച്ച് പ്രധാനം. ആദ്യ പകുതിയില്‍ പിന്നെ ഗോള്‍ പിറന്നില്ല. 

രണ്ടാം പകുതി ആരംഭിച്ച് 48ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വ തന്റെ രണ്ടാം ഗോളും നേടി പട്ടിക ആറിലെത്തിച്ചു. 60ാം മിനുട്ടില്‍ ഹാട്രിക്ക് തികച്ച് ബെര്‍ണാഡോ സില്‍വ എഴാം ഗോളും സിറ്റിക്ക് സമ്മാനിച്ചു. പിന്നെ 25 മിനുട്ട് ഗോളടിക്ക് ഇടവേളയായിരുന്നു. ഒടുവില്‍ 85ാം മിനുട്ടില്‍ ഡി ബ്രുയ്‌നിലൂടെ സിറ്റി എട്ടാം ഗോളും നേടി തേര്‍വാഴ്ചയ്ക്ക് സിറ്റി വിരാമമിട്ടപ്പോള്‍ വാട്‌ഫോര്‍ഡ് ഒന്ന് ആശ്വസിച്ചിട്ടുണ്ടാകും. ആറ് മത്സരങ്ങളില്‍ 13 പോയന്റുമായി ലീഗില്‍ സിറ്റി രണ്ടാം സ്ഥാനത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com