ആദ്യ ആറ് ഓവറിലെ യുവരാജാവ്, പവര്‍പ്ലേയിലെ കോഹ് ലിയുടെ തുറുപ്പ്ചീട്ടാവുന്ന ആ താരം; ന്യൂബോള്‍ കോമ്പിനേഷന്‍ നല്‍കുന്ന പ്രതീക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2019 11:59 AM  |  

Last Updated: 22nd September 2019 11:59 AM  |   A+A-   |  

koliwashin89

 

ലോക ട്വന്റി20 കിരീടം നേടിയെടുക്കാന്‍ പ്രാപ്തമായ ടീമിനെ കെട്ടിപ്പടുക്കുകയാണ് ഇന്ത്യ. ഈ പരീക്ഷണങ്ങള്‍ക്കിടയില്‍ ന്യൂബോള്‍ കോമ്പിനേഷന്റെ മികവ് ഇന്ത്യയ്ക്ക് തുണയാവുന്ന കാഴ്ചയാണ് നമുക്ക് മുന്‍പിലേക്ക് വരുന്നത്.

ബൂമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ കോഹ് ലിയുടെ ആയുധമായത് ദീപക് ചഹറും, വാഷിങ്ടണ്‍ സുന്ദറും. സീമും സ്വിങ്ങും കൊണ്ട് ദീപക് ചഹര്‍ മികവ് കാണിക്കുമ്പോള്‍ ആദ്യ ആറ് ഓവറില്‍ കോഹ് ലിയുടെ തുറുപ്പു ചീട്ടാവുകയാണ് വാഷിങ്ടണ്‍ സുന്ദര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ ഭീഷണിയാണ് സുന്ദര്‍ തീര്‍ത്തത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് വാഷിങ്ടണ്‍ സുന്ദറിന് നേടാനായത്. എന്നാല്‍ 4.75 എന്ന ഇക്കണോമി റേറ്റ് നല്‍കുന്ന പ്രതീക്ഷ വലുതാണ്. 

നമുക്ക് അവന്‍ ബിഗ് ഫാക്ടര്‍ ആവുമെന്ന് ഉറപ്പാണെന്നും, ബാറ്റിങ്ങിലും നമുക്കവനില്‍ ആശ്രയിക്കാം എന്നായിരുന്നു കോഹ് ലി വാഷിങ്ടണ്‍ സുന്ദറിനെ കുറിച്ച് പറഞ്ഞത്. കളിച്ച 11 മത്സരങ്ങളില്‍ 10ലും പവര്‍പ്ലേ ഓപ്ഷനായാണ് ഈ താരത്തെ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ആറ് ഓവറുകളിലായി 24 ഓവറാണ് സുന്ദര്‍ എറിഞ്ഞത്. അവിടെ വന്നത് 88 ഡോട്ട് ബോളുകള്‍. 9 വിക്കറ്റ്. വഴങ്ങിയത് 140 റണ്‍സ്. ഇക്കണോമി 5.83. ഡോട്ട് ബോള്‍ ശതമാനം 61.11. 

ആദ്യ ആറ് ഓവറുകള്‍ക്ക് ശേഷം സുന്ദറിനെ ഉപയോഗിച്ചത് 50 ഓവറുകളില്‍. അവിടെ വന്ന ഡോട്ട് ബോളുകള്‍ 35. വീഴ്ത്തിയത് 3 വിക്കറ്റ്. വഴങ്ങിയത് 101 റണ്‍സ്. ഇക്കണോമി 6.73. ഡോട്ട് ബോളുകളുടെ ശതമാനം 38.89. നാല് കളികളിലാണ് സുന്ദര്‍ ബൗളിങ് ഓപ്പണ്‍ ചെയ്തത്. 6 കളികളില്‍ കളിയിലെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയതും സുന്ദര്‍. 

ആദ്യ ആറ് ഓവറിലെ 2013 മുതല്‍ ട്വന്റി20 ക്രിക്കറ്റിലെ ബൗളര്‍മാര്‍ നടത്തിയ മികച്ച പ്രകടനത്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് ഒന്നാമത് നില്‍ക്കുന്നത്. ബാറ്റിങ്ങില്‍ കൂടുതല്‍ സാധ്യതകള്‍ കോഹ് ലി തേടുന്ന സാഹചര്യത്തില്‍ കുല്‍ദീപിനും ചഹലിനും ടീമില്‍ ഇടം ലഭിക്കാത്ത അവസ്ഥയാണ്. വാഷിങ്ടണ്‍ സുന്ദര്‍ ബാറ്റിങ്ങിലും ശക്തനാണ്. എന്നാല്‍, ബാറ്റിങ് പൊസിഷനില്‍ എട്ടാമത് ഇറക്കുന്നതോടെ ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ സുന്ദറിലേക്ക് അധികം അവസരങ്ങള്‍ എത്തുന്നില്ല.