കുംബ്ലേയുടെ പേരില്‍ കോഹ് ലിയെ കല്ലെറിഞ്ഞവര്‍ കേള്‍ക്കാന്‍, യാഥാര്‍ഥ്യം ഇങ്ങനെയെന്ന് സിഒഎ തലവന്‍

'കുംബ്ലേയുടെ കാലാവധി നീട്ടണം എങ്കില്‍ എങ്ങനെ ഞങ്ങളത് ചെയ്യും? നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോവാനാണ് ഞാന്‍ പറഞ്ഞത്'
കുംബ്ലേയുടെ പേരില്‍ കോഹ് ലിയെ കല്ലെറിഞ്ഞവര്‍ കേള്‍ക്കാന്‍, യാഥാര്‍ഥ്യം ഇങ്ങനെയെന്ന് സിഒഎ തലവന്‍

ന്യൂഡല്‍ഹി: രവി ശാസ്ത്രിയെ വീണ്ടും പരിശീലകനായി തെരഞ്ഞെടുത്തതിന് പിന്നില്‍ കോഹ് ലിയാണെന്ന വാദങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് മുകളില്‍ ഇപ്പോഴുമുണ്ട്. കോഹ് ലിയുടെ അനിഷ്ടത്തെ തുടര്‍ന്നാണ് അനില്‍ കുംബ്ലേയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന വാദവും ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോഹ് ലിയാണോ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായി. 

'2017 ഏപില്‍ 30നാണ് ഞങ്ങളുടെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിക്കുന്നത്. ഐപിഎല്ലിലെ ആദ്യ മത്സരം കാണാന്‍ ഹൈദരാബാദിലെത്തിയപ്പോള്‍ കുംബ്ലേയുടെ കരാര്‍ എന്റെ മുന്‍പിലെത്തി. ഒരു വര്‍ഷത്തേക്കാണ് കുംബ്ലേയുമായി കരാറുണ്ടായത്. ആ കരാറില്‍ കാലാവധി നീട്ടാനുള്ള ക്ലോസും ഉണ്ടായിരുന്നില്ല', വിനോദ് റായി പറയുന്നു.

ഡ്രസിങ് റൂമിലുണ്ടായ സംഭവങ്ങളിലെ തുടര്‍ന്നല്ല അങ്ങനെയെല്ലാമുണ്ടായത്. കുംബ്ലേയുടെ കാലാവധി നീട്ടണം എങ്കില്‍ എങ്ങനെ ഞങ്ങളത് ചെയ്യും? നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോവാനാണ് ഞാന്‍ പറഞ്ഞത്. അതേ ഉണ്ടായിട്ടുള്ളു. എന്താണ് നടപടി ക്രമം? പുതിയ പരിശീലകന് വേണ്ട അപേക്ഷ ക്ഷണിക്കണം. അഭിമുഖം നടത്തണം. ശരിയായ വ്യക്തിയെ തെരഞ്ഞെടുക്കണം. ആ സമയം കോച്ചും ക്യാപ്റ്റനും തമ്മിലുള്ള പ്രശ്‌നം എന്നൊന്ന് എനിക്കറിയില്ലായിരുന്നു. അതാണ് സത്യം, വിനോദ് റായി പറഞ്ഞു. 

ലോകകപ്പ് തോല്‍വിയുടെ പേരില്‍ കോഹ് ലിയെ ചോദ്യം ചെയ്തില്ലെന്ന നിലയിലെ വിലയിരുത്തലുകളേയും വിനോദ് റായി തള്ളി. ടീം മോശം പ്രകടനം നടത്തുമ്പോള്‍ നായകനില്‍ മാത്രം അതിന്റെ ഉത്തരവാദിത്വം വയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അടച്ചിട്ട മുറിയില്‍ ഒരുപാട് സംവാദങ്ങള്‍ നടന്നിരുന്നു. ലോകകപ്പ് തോല്‍വിയില്‍ കോഹ് ലിയെ ചോദ്യം ചെയ്തില്ല എന്ന് പറഞ്ഞാല്‍ അത് തെറ്റായിരിക്കും എന്നും വിനോദ് റായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com