മൂന്നാം ടി20; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 135 റണ്‍സ്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ ഒതുക്കി
മൂന്നാം ടി20; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 135 റണ്‍സ്

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ ഒതുക്കി. 

36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. കഗിസോ റബാഡ എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 22 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ഹെന്‍ട്രിക്‌സ് പുറത്താക്കുകയായിരുന്നു. 

പിന്നീട് വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും മികച്ച രീതിയില്‍ മുന്നേറി. ഇരുവരുടേയും കൂട്ടുകെട്ട് 41 റണ്‍സിലെത്തി. എന്നാല്‍ 36 റണ്‍സെടുത്ത ധവാനെ ഷംസി പുറത്താക്കി. 25 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതമാണ് ധവാന്‍ 36 റണ്‍സ് കണ്ടെത്തിയത്. അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കോഹ്‌ലിയും ക്രീസ് വിട്ടു. ഒന്‍പത് റണ്‍സെടുത്ത കോഹ്‌ലിയെ റബാഡയാണ് പുറത്താക്കിയത്. 

പിന്നാലെ നിലയുറപ്പിക്കാനുള്ള അവസരം ഋഷഭും നഷ്ടപ്പെടുത്തി. 19 റണ്‍സെടുത്ത ഋഷഭിനെ ഫോര്‍ച്യൂന്‍ പുറത്താക്കുകയായിരുന്നു. രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശ്രേയസും പുറത്തായി. ശ്രേയസിനേയും ഫോര്‍ച്യൂന്‍ മടക്കി. 

പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യയുടെ വിക്കറ്റ് വീണു. ടോട്ടല്‍ സ്‌കോര്‍ 98 റണ്‍സിലെത്തിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയെ ഹെന്‍ട്രിക്‌സ് പുറത്താക്കി. നാല് റണ്‍സായിരുന്നു ക്രുണാലിന്റെ സമ്പാദ്യം. പിന്നീട് പ്രതീക്ഷ ഹാര്‍ദിക് പാണ്ഡ്യയിലും രവീന്ദ്ര ജഡേജയിലുമായി. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ റബെഡ ജഡേജയെ (19) തിരിച്ചയച്ചു. ഹര്‍ദികിനൊപ്പം 29 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ജഡേജ മടങ്ങിയത്. ആ ഓവറിലെ നാലാം പന്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ റണ്‍ഔട്ടായി. വാഷിങ്ടണ്‍ നേരിട്ട ഒരു പന്ത് അതിര്‍ത്തി കടത്തി. അഞ്ചാം പന്തില്‍ ഹര്‍ദികും മടങ്ങി. 18 പന്തില്‍ 14 റണ്‍സായിരുന്നു ഹര്‍ദികിന്റെ സമ്പാദ്യം. ചഹറും സയ്‌നിയും പുറത്താകാതെ നിന്നു. 

ദക്ഷിണാഫ്രിക്കയ്ക്കായി റബാഡ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഫോര്‍ച്യൂനും ഹെന്‍ട്രിക്‌സും രണ്ടു വിക്കറ്റ് വീതം നേടി. ഷംസി ഒരു വിക്കറ്റ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com