മിസ്ബ ശ്രീശാന്തിന്റെ കൈകളില്‍ വിശ്രമിച്ച അഭിമാന നിമിഷം; ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് ഒരു വ്യാഴവട്ടം

പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയായി
മിസ്ബ ശ്രീശാന്തിന്റെ കൈകളില്‍ വിശ്രമിച്ച അഭിമാന നിമിഷം; ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് ഒരു വ്യാഴവട്ടം

മുംബൈ: പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയായി. 2007 സെപ്റ്റംബര്‍ 24ന് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലുള്ള വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലായിരുന്നു ഫൈനല്‍ പോരാട്ടം. ബദ്ധവൈരികളായ പാകിസ്ഥാനെ വീഴ്ത്തിയാണ് ഇന്ത്യ ജേതാക്കളായത്. അഞ്ച് റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 

രാജ്യാന്തര ടി20യില്‍ വലിയ മത്സര പരിചയമില്ലാത്ത ടീമായിരുന്നു ഇന്ത്യക്ക്. ക്യാപ്റ്റന്‍ ധോനിയും യുവരാജ് സിങും ഉള്‍പ്പെടെയുള്ളവര്‍ ലോകകപ്പിനു മുന്‍പ് ആകെ കളിച്ചിരുന്നത് ഒരേയൊരു ടി20 മത്സരമാണ്. ടീമിലെ മിക്ക താരങ്ങളുടെയും ടി20 പരിചയം ആഭ്യന്തര ക്രിക്കറ്റില്‍ മാത്രവും. പ്രതീക്ഷയുടെ അമിതഭാരമില്ലാതെ എത്തിയതിനാല്‍ സ്വാഭാവിക കളി സമ്മര്‍ദ്ദമില്ലാതെ പുറത്തെടുത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പരിചയക്കുറവ് ഒരുതരത്തില്‍ ഇന്ത്യയ്ക്ക് അനുഗ്രഹമായി മാറി എന്നു പറയാം. 

ഹര്‍ഭജന്‍ സിങും യുവരാജ് സിങും ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള താരങ്ങളുടെ മികച്ച സംഭാവനകളാണ് ഇന്ത്യന്‍ കിരീട വിജയത്തിലേക്കു വഴിതെളിച്ചത്. ടീമെന്ന നിലയില്‍ ഇന്ത്യ കാട്ടിയ പോരാട്ട വീര്യത്തിന്റെ ഫലം കൂടിയായിരുന്നു ആ കിരീടധാരണം.

ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് പോരാട്ടത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് ഒരു ഓവറില്‍ നേടിയ ആറ് സിക്‌സ് പറത്തിയതടക്കം ഓര്‍മയില്‍ നിന്ന് മായാത്ത എത്രയോ നിമിഷങ്ങള്‍. ഫൈനലില്‍ പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാന്‍ പത്താന്റെ മികവ്. ആര്‍പി സിങിന്റെ കൃത്യതയാര്‍ന്ന പന്തുകള്‍, പാകിസ്ഥാനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ രണ്ട് വിക്കറ്റുകള്‍ തുടക്കത്തിലേ വീഴ്ത്തി സിങ് ഇന്ത്യ കാത്തിരുന്ന തുടക്കം സമ്മാനിക്കുകയും ചെയ്തു. ബാറ്റിങ്ങില്‍ ഗംഭീറിനും യുവരാജിനുമൊപ്പം ഉത്തപ്പയും രോഹിത് ശര്‍മയും നിറഞ്ഞാടിയതോടെ ഇന്ത്യ അനായാസം മുന്നേറി. 

കിരീട നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ടായിരുന്നു. ലോക കിരീടം മലയാളിയായ ശ്രീശാന്തിന്റെ കൈകളിലൂടെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ജോഗീന്ദര്‍ ശര്‍മയുടെ അവസാന ഓവറിലെ മൂന്നാം പന്തില്‍ പാക് ബാറ്റ്‌സ്മാന്‍ മിസ്ബാ ഉള്‍ ഹഖിനെ ശ്രീശാന്ത് ക്യാച്ചെടുത്തതോടെ ഇന്ത്യന്‍ വിജയം യാഥാര്‍ഥ്യമായി മാറുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വില പിടിച്ചതും മറക്കാനാവാത്തതുമായ നിമിഷം എന്നാണ് ശ്രീ ആ നിമിഷത്തെ വിശേഷിപ്പിച്ചത്.  ടൂര്‍ണമെന്റിലുടനീളം ഉജ്വലമായി ബാറ്റു ചെയ്ത് പാതി മലയാളി റോബിന്‍ ഉത്തപ്പയും കേരളത്തിന്റെ അഭിമാനമായി. 

12 വര്‍ഷം പൂര്‍ത്തിയായതിന്റെ ഓര്‍മപ്പെടുത്തലായി മിസ്ബയെ ശ്രീശാന്ത് ക്യാച്ചെടുത്ത് പുറത്താക്കുന്നതിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com