മിതാലിയുടെ പകരക്കാരി; 15ാം വയസില്‍ ഇന്ത്യന്‍ ടീമില്‍! റെക്കോര്‍ഡോടെ അരങ്ങേറ്റം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പോരാട്ടത്തില്‍ അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം കിട്ടിയ ഷഫാലിക്ക് അരങ്ങേറ്റം നടത്തുമ്പോള്‍ 15 വയസും 239 ദിവസവുമാണ് പ്രായം
മിതാലിയുടെ പകരക്കാരി; 15ാം വയസില്‍ ഇന്ത്യന്‍ ടീമില്‍! റെക്കോര്‍ഡോടെ അരങ്ങേറ്റം

സൂറത്ത്: ഇന്ത്യക്കായി ടി20യില്‍ അന്താരാഷ്ട്ര പോരിനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി 15കാരിയായ ഷഫാലി വര്‍മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തം. 1978ല്‍ 14ാം വയസില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച ഗാര്‍ഗി ബാനര്‍ജിയാണ് ഇന്ത്യയുടെ പ്രായം കുറഞ്ഞ താരം. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പോരാട്ടത്തില്‍ അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം കിട്ടിയ ഷഫാലിക്ക് അരങ്ങേറ്റം നടത്തുമ്പോള്‍ 15 വയസും 239 ദിവസവുമാണ് പ്രായം. ഹരിയാനയിലെ റോത്തക് സ്വദേശിയാണ് ഷഫാലി.

ആഭ്യന്തര ക്രിക്കറ്റില്‍ ആറ് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം 1,923 റണ്‍സ് നേടിയാണ് ഷഫാലി ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയത്. റെക്കോര്‍ഡുമായാണ് അരങ്ങേറിയതെങ്കിലും ആദ്യ പോരാട്ടം താരത്തിന് കയ്പ്പുനീരായി മാറി. ഓപണറായി കളത്തിലെത്തിയ താരം പൂജ്യത്തിന് പുറത്തായി. നേരിട്ട നാലാം പന്തിലാണ് പുറത്തായത്. 

ഇതിഹാസ താരം മിതാലി രാജിന്റെ പകരക്കാരിയായാണ് ഷഫാലി ടീമിലെത്തിയത്. ഇന്റര്‍ സ്‌റ്റേറ്റ് വുമണ്‍ ടി20യില്‍ 2018-19 സീസണില്‍ പുറത്തെടുത്ത വെടിക്കെട്ട് ഷഫാലിയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. നാഗാലാന്‍ഡിനെതിരെ 56 പന്തില്‍ 128 റണ്‍സാണ് അന്ന് ഷഫാലി അടിച്ചുകൂട്ടിയത്. ജയ്പൂരില്‍ ലോകോത്തര താരങ്ങള്‍ അണിനിരന്ന വുമണ്‍ ടി20 ചലഞ്ചറില്‍ വെലോസിറ്റിക്കായി മികച്ച പ്രകടനം പുറത്തെടുത്തതും ഷഫാലിയെ തുണച്ചു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചു. ദീപ്തി ശര്‍മയുടെ മാരക ബൗളിങ് മികവിലാണ് ഇന്ത്യ വിജയിച്ചു കയറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com