'ലെവന്‍ വേറെ ലെവലാണ്'; ബുണ്ടസ് ലീഗയില്‍ പുതിയ ചരിത്രം; റെക്കോര്‍ഡിട്ട് ലെവന്‍ഡോസ്‌കി

'ലെവന്‍ വേറെ ലെവലാണ്'; ബുണ്ടസ് ലീഗയില്‍ പുതിയ ചരിത്രം; റെക്കോര്‍ഡിട്ട് ലെവന്‍ഡോസ്‌കി

നടപ്പ് സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്ക് മുന്നേറ്റക്കാരന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് അപൂര്‍വ നേട്ടം

മ്യൂണിക്ക്: നടപ്പ് സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന ബയേണ്‍ മ്യൂണിക്ക് മുന്നേറ്റക്കാരന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് അപൂര്‍വ നേട്ടം. ബുണ്ടസ് ലീഗയില്‍ പുതിയ ചരിത്രം എഴുതിയാണ് ലെവന്‍ഡോസ്‌കി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളുകള്‍ നേടിയ ലെവന്‍ഡോസ്‌കി ആറ് മത്സരങ്ങളില്‍ ഗോള്‍ നേട്ടം ഇരട്ട അക്കത്തിലെത്തിക്കുന്ന ബുണ്ടസ് ലീഗ ചരിത്രത്തിലെ ആദ്യ താരമായി മാറി. നേരത്തെ ബൊറൂസിയ ഡോര്‍ട്മുണ്ടിനായി കളിക്കുമ്പോള്‍ പിയറെ എംറിക് ഔബമെയങ് എട്ട് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയിരുന്നു. രണ്ട് മത്സരങ്ങള്‍ കുറച്ച് കളിച്ച് ഇരട്ട അക്കം തികച്ചാണ് ലെവന്‍ഡോസ്‌കിയുടെ നേട്ടം. 

ഇതിഹാസ താരങ്ങളായ ജുപ് ഹെയ്‌നക്‌സ്, ഗെര്‍ഡ് മുള്ളര്‍, പീറ്റര്‍ മെയര്‍, ലോതര്‍ എംറിച് എന്നിവരെയാണ് പിന്നിലാക്കിയാണ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ഇവരെല്ലാം ആദ്യ ആറ് കളികളില്‍ നിന്ന് ഒന്‍പത് ഗോളുകള്‍ നേടിയിട്ടുണ്ട്.

പോളണ്ട് നായകനായ ലെവന്‍ഡോസ്‌കിയാണ് ബുണ്ടസ് ലീഗയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ജര്‍മന്‍കാരനല്ലാത്ത ആദ്യ താരം. 212 ഗോളുകളാണ് നിലവില്‍ ലെവന്‍ഡോസ്‌കി ബയേണിനായി വലയിലാക്കിയിട്ടുള്ളത്. 57 വര്‍ഷത്തെ ബുണ്ടസ് ലീഗ ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ ഗോളുകള്‍ നേടുന്ന എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം മാന്‍ഫ്രഡ് ബഗ്‌സ്മുള്ളര്‍ക്കൊപ്പം പങ്കിടുകയാണ് ലെവന്‍ഡോസ്‌കി. 365 ഗോളുകളുമായി ഗെര്‍ഡ് മുള്ളര്‍ ഒന്നാമതും 268 ഗോളുകളുമായി ക്ലൗസ് ഫിഷര്‍ രണ്ടാം സ്ഥാനത്തും 220 ഗോളുകളുമായി ഹെയ്‌നക്‌സ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com