ന്യൂബോളില്‍ പന്തില്‍ ചലനങ്ങളുണ്ടായാല്‍ വീഴും, റബാഡയ്ക്കും എന്‍ഗിഡിയ്ക്കും അതറിയാം; ഓപ്പണറുടെ റോള്‍ രോഹിത്തിന് സമ്മര്‍ദ്ദമേറ്റുന്നു

പ്രസിഡന്റ്‌സ് ഇലവന് വേണ്ടി ഇറങ്ങിയ സന്നാഹ മത്സരത്തില്‍ രണ്ട് പന്തുകള്‍ നേരിട്ട് ഡക്കായാണ് രോഹിത്ത് പുറത്തായത്
ന്യൂബോളില്‍ പന്തില്‍ ചലനങ്ങളുണ്ടായാല്‍ വീഴും, റബാഡയ്ക്കും എന്‍ഗിഡിയ്ക്കും അതറിയാം; ഓപ്പണറുടെ റോള്‍ രോഹിത്തിന് സമ്മര്‍ദ്ദമേറ്റുന്നു

ഓപ്പണറുടെ റോള്‍ ലഭിച്ചത് ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ആത്മവിശ്വാസം കൂട്ടും എന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ആദ്യ ടെസ്റ്റ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ വലിയ സമ്മര്‍ദ്ദമാണ് രോഹിത്തിന് മേല്‍ വന്ന് വീഴുന്നത്. ഓപ്പണറുടെ റോളുമായി ഇണങ്ങാന്‍ ആവശ്യമായ സമയം രോഹിത്തിന് നല്‍കുമെന്ന് സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും വ്യക്തമാക്കുമ്പോഴും മികവ് കാണിക്കുക എന്നത് രോഹിത്തിന് മുന്‍പില്‍ വലിയ വെല്ലുവിളിയാവുന്നു. 

പ്രസിഡന്റ്‌സ് ഇലവന് വേണ്ടി ഇറങ്ങിയ സന്നാഹ മത്സരത്തില്‍ രണ്ട് പന്തുകള്‍ നേരിട്ട് ഡക്കായാണ് രോഹിത്ത് പുറത്തായത്. പന്തില്‍ ചലനങ്ങളുണ്ടാവുമ്പോള്‍ അത് കണക്കു കൂട്ടുന്നതില്‍ രോഹിത്തിന് വരുന്ന പിഴവാണ് അവിടേയും കണ്ടത്. ബംഗളൂരുവില്‍ നടന്ന മൂന്നാം ട്വന്റി20യിലും രോഹിത്ത് തുടക്കത്തിലെ പുറത്തായി. രോഹിത് അവിടെ പരാജയപ്പെട്ടപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ 131 റണ്‍സ് നേടിയാണ് രാഹുല്‍ തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഇതും രോഹിത്തിന് മേലുള്ള സമ്മര്‍ദ്ദം കൂട്ടുന്നു. 

ഏകദിനത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ഓപ്പണറാണ് രോഹിത് എങ്കിലും ടെസ്റ്റില്‍ ന്യൂബോള്‍ രോഹിത് എങ്ങനെ അതിജീവിക്കും എന്നതാണ് ആശങ്ക തീര്‍ക്കുന്നത്. സ്വിങ് ലഭിക്കുന്ന സാഹചര്യമാണെങ്കില്‍ അതും രോഹിത്തിനെ ബാധിക്കും. റബാഡയും, എന്‍ഗിഡിയും, ഫിലാന്‍ഡറുമടങ്ങിയ സൗത്ത് ആഫ്രിക്കന്‍ പേസ് നിര രോഹിത്തിനെ ലക്ഷ്യം വയ്ക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. 

2018ലെ സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ മൂന്ന് വട്ടമാണ് രോഹിത്തിനെ റബാഡ പുറത്താക്കിയത്. ഫിലാന്‍ഡര്‍ ഒരു തവണയും. സൗത്ത് ആഫ്രിക്കയിലെ അന്നത്തെ ബാറ്റിങ് ദുഷ്‌കരമായിരുന്നു. സൗത്ത് ആഫ്രിക്കയിലെ തന്റെ നാലാം ഇന്നിങ്‌സില്‍ 47 റണ്‍സ് രോഹിത് സ്‌കോര്‍ ചെയ്തിരുന്നു. രണ്ടാം ടെസ്റ്റിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കിചയിലെ ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്. എന്നാല്‍ ജയിക്കാന്‍ അത് പ്രാപ്തമാവാതെ വന്നതോടെ രോഹിത്തിനെ മാറ്റി രഹാനെയെ ഇന്ത്യ ടീമിലേക്കെടുത്തു. 

ബാക്ക് ഫൂട്ടില്‍ കൂടുതല്‍ ഷോട്ടുകള്‍ നേരിടുന്ന താരമാണ് രോഹിത്. സ്വിങ്ങിനെ നേരിടുന്നതിനായി പന്തിന് നേര്‍ക്ക് മുന്‍പോട്ട് ആയാന്‍ പരിശീലകര്‍ കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. രോഹിത്തിന്റെ കാര്യത്തില്‍ ഇങ്ങനെ നിര്‍ദേശങ്ങള്‍ ഉണ്ടായാല്‍ അത് താരത്തിന്റെ താളം തെറ്റലിന് കാരണമാവും എന്നാണ് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.കളി ശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റം പോലും കളിക്കാരെ പ്രതികൂലമായി ബാധിക്കാന്‍ കാരണമാവുന്നു എന്ന് ലക്ഷ്മണ്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com