5 വിചിത്ര തീരുമാനങ്ങള്‍, ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ച്‌ ധോനിയില്‍ നിന്ന്‌ വന്ന അസാധാരണ നീക്കങ്ങള്‍

ഫൈനലില്‍ ചെയ്‌സ്‌ ചെയ്യവെ 28.2 പന്തില്‍ 161 റണ്‍സ്‌ കിരീടത്തിലേക്ക്‌ എത്താന്‍ വേണമെന്നിരിക്കുന്ന സമയം ഫോമില്‍ നില്‍ക്കുന്ന യുവിയെ മാറ്റി ധോനി ക്രീസിലേക്കിറങ്ങി
5 വിചിത്ര തീരുമാനങ്ങള്‍, ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ച്‌ ധോനിയില്‍ നിന്ന്‌ വന്ന അസാധാരണ നീക്കങ്ങള്‍


28 വര്‍ഷത്തെ കാത്തിരിപ്പിന്‌ ഒടുവില്‍ ഇന്ത്യയെ ലോക കിരീടത്തില്‍ മുത്തമിടീച്ച നായകന്‍. 2011ല്‍ ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയതിന്റെ ഓര്‍മകളിലാണ്‌ ഇന്ന്‌ ഈ ലോക്ക്‌ഡൗണ്‍ ദിവസം ആരാധകര്‍. സ്വന്തം മണ്ണില്‍ കിരീടം ഉയര്‍ത്തി ധോനി ഇന്ത്യക്ക്‌ ഇരട്ട മധുരം നല്‍കി. ലോക കിരീടം ഇന്ത്യയുടെ കൈകളിലേക്ക്‌ നല്‍കി ചരിത്രത്തില്‍ തന്റെ പേര്‌ എഴുതിയിട്ടു ധോനി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനായി ധോനി വിലയിരുത്തപ്പെടുമ്പോള്‍ തന്നെ കളിക്കളത്തില്‍ ധോനിയില്‍ നിന്ന്‌ ചില വിചിത്ര തീരുമാനങ്ങളും വന്നിട്ടുണ്ട്‌...അവയില്‍ ചിലത്‌...

ജോഗീന്ദര്‍ ശര്‍മയുടെ കൈകളിലേക്ക്‌ അവസാന ഓവര്‍ 

2007 ട്വന്റി20 ലോകകപ്പില്‍ അവസാന ഓവറില്‍ പാകിസ്ഥാന്‌ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 13 റണ്‍സ്‌. കളിക്കളത്തില്‍ നിലയുറപ്പിച്ച്‌ നിന്നിരുന്ന മിസ്‌ബാ ഉള്‍ ഹഖിലേക്ക്‌ പാകിസ്ഥാന്റെ പ്രതീക്ഷകളെല്ലാം എത്തി നില്‍ക്കുന്ന സമയം. ജോഗീന്ദര്‍ ശര്‍മ, പരിചയ സമ്പത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന ഹര്‍ഭജന്‍ സിങ്‌. ഇവരില്‍ ഒരാളുടെ കൈകളിലേക്കാണ്‌ ധോനിക്ക്‌ അവസാന ഓവര്‍ നല്‍കേണ്ടിയിരുന്നത്‌.

പരിചയസമ്പത്തുള്ള ഹര്‍ഭജന്‌ പകരം ജോഗീന്ദറിനെ ഇറക്കിയത്‌ തിരിച്ചടിയായെന്ന്‌ അവസാന ഓവറിലെ ആദ്യ രണ്ട്‌ ഡെലിവറികളും കഴിഞ്ഞതോടെ തോന്നിച്ചു. ഒടുവില്‍ നാല്‌ പന്തില്‍ നിന്ന്‌ ആറ്‌ റണ്‍സ്‌ എന്ന നിലയിലെത്തി. നായകന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം തെറ്റിക്കാതെ ജോഗീന്ദര്‍ ഇന്ത്യക്കാന്‍ കളി പിടിച്ചു.
ഹര്‍ഭജന്റെ കൈകളിലേക്ക്‌ അവസാന ഓവര്‍ അവിടെ ധോനി നല്‍കാതിരുന്നതിന്റെ കാരണം കണക്കുകളില്‍ വ്യക്തമാണ്‌. മൂന്ന്‌ ഓവറില്‍ 36 റണ്‍സ്‌ ഹര്‍ഭജന്‍ അപ്പോള്‍ തന്നെ വഴങ്ങിയിരുന്നു.

യുവിയെ തഴഞ്ഞിറങ്ങിയ സാഹയം

 ​വാങ്കഡെയിലേക്ക്‌ ലോകകപ്പ്‌ ഫൈനലിനായി ഇന്ത്യ എത്തുമ്പോഴേക്കും 90.5 എന്ന ബാറ്റിങ്‌ ശരാശരിയില്‍ 362 റണ്‍സാണ്‌ യുവരാജ്‌ സിങ്‌ സ്‌കോര്‍ ചെയ്‌തിരുന്നത്‌. ഫൈനലില്‍ ചെയ്‌സ്‌ ചെയ്യവെ 28.2 പന്തില്‍ 161 റണ്‍സ്‌ കിരീടത്തിലേക്ക്‌ എത്താന്‍ വേണമെന്നിരിക്കുന്ന സമയം ഫോമില്‍ നില്‍ക്കുന്ന യുവിയെ മാറ്റി ധോനി ക്രീസിലേക്കിറങ്ങി.

അന്ന്‌ വാംങ്കഡെയില്‍ ഇറങ്ങുന്നതിന്‌ മുന്‍പ്‌ ഈ ആകെ നേടാനായത്‌ 150 റണ്‍സ്‌ മാത്രമാണ്‌. എന്നിട്ടും സ്വയം സ്ഥാനക്കയറ്റം നല്‍കി ഇറങ്ങിയ ധോനി ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചെങ്കിലും ഒടുവില്‍ 79 പന്തില്‍ നിന്ന്‌ 91 റണ്‍സ്‌ അടിച്ചെടുത്ത്‌ കിരീടം ഇന്ത്യയുടെ കൈകളിലേക്ക്‌ നല്‍കി.

2012ലെ റൊട്ടേഷന്‍ പോളിസി

2012ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരക്കിടയില്‍ ചില വിചിത്ര തീരുമാനങ്ങള്‍ ധോനി നടപ്പിലാക്കി. മുതിര്‍ന്ന താരങ്ങളായ സച്ചിന്‍, സെവാഗ്‌, ഗംഭീര്‍ എന്നിവരെ ഒരുമിച്ച്‌ പ്ലേയിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്തില്ല എന്നതായിരുന്നു അത്‌. എന്നാല്‍ ധോനിയുടെ തന്ത്രങ്ങള്‍ അവിടെ ഫലം കണ്ടില്ല. ശ്രീലങ്കയും ഓസ്‌ട്രേലിയയും പരമ്പരയിലെ ഫൈനലിലെത്തി.

ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക്‌ അവസരം നല്‍കുന്നതിന്‌ വേണ്ടിയായിരുന്നു ഇതെന്നാണ്‌ ധോനി വിശദീകരിച്ചത്‌. ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചതിന്‌ ശേഷം ഗംഭീര്‍, സെവാഗ്‌ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ധോനിയുടെ ഈ പോളിസിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

ചെന്നൈക്ക്‌ വേണ്ടിയുണ്ടാക്കിയ വയസന്‍ പട

രണ്ട്‌ വര്‍ഷത്തെ വിലക്കിന്‌ ശേഷം 2018ലാണ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ തിരിച്ചെത്തിയത്‌. തിരിച്ചു വരവില്‍ ചെന്നൈക്ക്‌ വേണ്ടി ധോനി തയ്യാറാക്കിയ ടീമിനെ കണ്ട്‌ ക്രിക്കറ്റ്‌ ലോകം നെറ്റിചുളിച്ചു. 30 വയസ്‌ പിന്നിട്ടവരായിരുന്നു ടീമിലെ ഭൂരിഭാഗം താരങ്ങളും. ചിലര്‍ നാല്‍പത്‌ വയസിനോട്‌ അടുത്തിരുന്നു. ഇതോടെ വയസന്‍ പട എന്ന പേര്‌ ധോനിയുടെ ടീമിനെ തേടിയെത്തി.

എന്നാല്‍ പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ അതിജീവിച്ച്‌ ചെന്നൈ താരങ്ങള്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നു. 2016ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ച ഷെയ്‌ന്‍ വാട്‌സന്‍ ഫൈനലിലും സെഞ്ചുറി നേടി ടീമിനെ കിരീടത്തിലേക്ക്‌ എത്തിച്ചു. അന്ന്‌ 36 വയസില്‍ നിന്ന ധോനി തന്റെ മികവ്‌ ഒരിക്കല്‍ കൂടി ക്രിക്കറ്റ്‌ ലോകത്തെ കാണിച്ച സീസണായിരുന്നു അത്‌. ക്യാപ്‌റ്റനായും ഫിനിഷറായും ധോനി നിറഞ്ഞു നിന്നു.

ഇഷാന്തില്‍ അര്‍പ്പിച്ച വിശ്വാസം ​

2013 ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍ ഇക്കണോമിയില്‍ മികവ്‌ കാണിച്ചിട്ടും ഭുവനേശ്വര്‍ കുമാറിനോ, ഉമേഷ്‌ യാദവിനോ ധോനി അവസാന ഓവര്‍ നല്‍കിയില്ല. 3 ഓവറില്‍ 27 റണ്‍സ്‌ വഴങ്ങി നിന്നിരുന്ന ഇഷാന്ത്‌ ശര്‍മയില്‍ അവിടെ വിശ്വാസം അര്‍പ്പിച്ച്‌ ധോനി ആരാധകരെ ഞെട്ടിച്ചു.

തന്റെ അവസാന ഓവറിലെ ആദ്യ രണ്ട്‌ ഡെലിവറിയില്‍ 8 റണ്‍സ്‌ ഇഷാന്ത്‌ വഴങ്ങിയെങ്കിലും 5 റണ്‍സിന്റെ ജയത്തിലേക്ക്‌ ഇന്ത്യയെ എത്തിക്കാനും, ലോകകപ്പ്‌ ജയത്തിന്‌ ശേഷം മറ്റൊരു മധുരം കൂടി ആരാധകര്‍ക്ക്‌ നല്‍കാനും ഇഷാന്ത്‌ ശര്‍മക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com