ക്ഷമ പഠിച്ചത് ചെസ്സില്‍ നിന്ന്, ഇപ്പോള്‍ പ്രയോഗിക്കുന്നതും അതുതന്നെ; ക്രിക്കറ്റിലേക്ക് കളം മാറ്റിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ചഹല്‍ 

ദേശീയ തലത്തില്‍ മുന്‍ അണ്ടര്‍ 12 കാറ്റഗറിയിലെ ചാംപ്യനായിരുന്നു ചഹല്‍
ക്ഷമ പഠിച്ചത് ചെസ്സില്‍ നിന്ന്, ഇപ്പോള്‍ പ്രയോഗിക്കുന്നതും അതുതന്നെ; ക്രിക്കറ്റിലേക്ക് കളം മാറ്റിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ചഹല്‍ 

ചെസ്സില്‍ നിറഞ്ഞുനില്‍ക്കെയാണ് യുസ്വേന്ദ്ര ചഹല്‍ ക്രിക്കറ്റിലേക്ക് കളം മാറിയത്. ദേശീയ തലത്തില്‍ മുന്‍ അണ്ടര്‍ 12 കാറ്റഗറിയിലെ ചാംപ്യനായിരുന്നു ചഹല്‍. ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരം ലോക ചെസ് ഫെഡറേഷഷന്റെ ലിസ്റ്റിലും ഉണ്ട്. 1956 ആണ് ചഹലിന്റെ റേറ്റിങ്. 

ചെസ്സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടും ക്രിക്കറ്റിലേക്കു ചുവട് മാറിയത് തന്റെ താല്‍പ്പര്യം കൊണ്ട് തന്നെയാണെന്നു ചഹല്‍ വെളിപ്പെടുത്തി. ചെസ് കളിയിലൂടെയാണ് താന്‍ ക്ഷമ പഠിച്ചതെന്നും ആ പാഠങ്ങളാണ് താന്‍ ക്രിക്കറ്റില്‍ പ്രയോഗിക്കുന്നതെന്നും ചഹല്‍ പറയുന്നു. 

"ചെസ്സോ, ക്രിക്കറ്റോ എന്ന് തിരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ ചര്‍ച്ചചെയ്തത് അച്ഛനോടാണ്. നിനക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ക്രിക്കറ്റിനോടു കൂടുതല്‍ താല്‍പ്പര്യമുള്ളത് കൊണ്ട് അത് തിരഞ്ഞെടുക്കുകയായിരുന്നു", ചഹല്‍ പറഞ്ഞു. 

2019ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിയെ പുറത്താക്കിയതാണ് കരിയറിലെ തന്റെ ഏറ്റവും മികച്ച വിക്കറ്റുകളിലൊന്നെന്നു ചഹല്‍ പറഞ്ഞു. 'വലിയ മല്‍സരത്തിലെ വലിയ വിക്കറ്റ്' എന്നാണ് താരം ഇതിനെ വിശേഷിപ്പിക്കുന്നത്. 

വീട്ടില്‍ അധികസമയം ചിലവിടാന്‍ സാധിക്കാത്ത ചഹല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയധിക ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം ആയിരിക്കുന്നത്. ഇതൊരു പുതിയ അനുഭവമാണെന്ന് താരം പറയുന്നു. താമസിച്ച് ഉറങ്ങുന്നു താമസിച്ച് എഴുന്നേല്‍ക്കുന്നു. വീട്ടുകാര്‍ക്കൊപ്പം സമയം ചിലവിടുന്നു, ചഹല്‍ ലോക്ക്ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com