ബോളിലെ തുപ്പല്‍ പ്രയോഗവും വിയര്‍പ്പ് തുടച്ച തൂവാലയേറും നിര്‍ത്തണ്ടേ? കായികലോകത്തെ വൃത്തി പഠിപ്പിക്കാന്‍ കൊറോണ; ഓര്‍മയാകുമോ ഈ ശീലങ്ങള്‍! 

വരാനിരിക്കുന്ന നാളുകളില്‍ കായികരംഗത്തെ പതിവ് ശീലങ്ങളില്‍ ഏതെല്ലാം എന്നന്നേക്കുമായി അവസാനിക്കുമെന്ന് കണ്ടറിയണം
ബോളിലെ തുപ്പല്‍ പ്രയോഗവും വിയര്‍പ്പ് തുടച്ച തൂവാലയേറും നിര്‍ത്തണ്ടേ? കായികലോകത്തെ വൃത്തി പഠിപ്പിക്കാന്‍ കൊറോണ; ഓര്‍മയാകുമോ ഈ ശീലങ്ങള്‍! 

ക്രിക്കറ്റ് ബോളിനു നല്ല തിളക്കം കിട്ടുന്നതിനായി പന്തില്‍ ഉമിനീര്‍ പുരട്ടുന്നത് ബോളര്‍മാര്‍ വര്‍ഷങ്ങളായി പിന്തുടരുന്ന ശീലമാണു. ഈ പ്രയോഗമില്ലാത്ത പന്തേറിനെക്കുറിച്ച് ഒരു പക്ഷെ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരിക്കില്ല. എങ്കിലും കോവിഡ് 19ന് ശേഷം വീണ്ടും കളിക്കളത്തിലേക്കെത്തുമ്പോള്‍ വര്‍ഷങ്ങളായി ക്രിക്കറ്റ് ആരാധകര്‍ കണ്ടുപോന്ന ഈ ശീലം കളിക്കാര്‍ തുടരുമോ എന്ന് കാത്തിരുന്ന് കാണണം. 

കൊറോണ വൈറസ് വ്യാപനത്തേത്തുടര്‍ന്ന് ലോകം മുഴുവന്‍ ഭീതിയിലായപ്പോള്‍ കായികലോകവും നിശ്ചലമായി. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന നാളുകളില്‍ കായികരംഗത്തെ പതിവ് ശീലങ്ങളില്‍ ഏതെല്ലാം കാര്യങ്ങള്‍ എന്നന്നേക്കുമായി അവസാനിക്കുമെന്ന് കണ്ടറിയണം. ക്രിക്കറ്റ് ബോളിലെ തുപ്പല്‍ പ്രയോഗം പോലെതന്നെ മറ്റ് പല ശീലങ്ങളും കൊറോണ കാലത്തിന് ശേഷം കളിക്കളങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ട്. 

ടെന്നീസ് താരങ്ങള്‍ മത്സരച്ചൂടില്‍ കോര്‍ട്ടില്‍ നിറയുമ്പോള്‍ വിയര്‍പ്പൊപ്പിയ ടൗവ്വലുകള്‍ അവര്‍ വലിച്ചെറിയുന്നത് പതിവ് കാഴ്ചയാണ്. വിയര്‍പ്പും മുറിവില്‍ നിന്നുള്ള രക്തവുമൊക്കെ നിറഞ്ഞ ഈ തുവാലകള്‍ വന്ന് വീഴുന്നതാകട്ടെ ബോള്‍ ബോയിസിന്റെ കൈകളിലേക്കും. ഇക്കാര്യത്തില്‍ ഇതിന് മുന്‍പും പല ചര്‍ച്ചകളും ഉയര്‍ന്നിട്ടുണ്ട്. ബോള്‍ ബോയ്‌സിന് ഗ്ലൗസുകള്‍ നല്‍കുന്നത് മുതല്‍ താരങ്ങള്‍ക്ക് ടൗവ്വലുകള്‍ നിക്ഷേപിക്കാന്‍ ബാസ്‌ക്കറ്റ് സജ്ജീകരിക്കുന്നതിലേക്കുവരെ ശ്രമങ്ങളുണ്ടായി. പക്ഷെ ഇക്കാര്യത്തില്‍ എല്ലാവരും അത്ര സന്തുഷ്ടരായിരുന്നില്ല. അതുകൊണ്ടുതന്നെ കൊറോണ കാലം ഈ ശീലത്തിന് എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്ന് അറിയണം. 

മത്സരവീര്യവും സൗഹൃദവുമൊക്കെ ഒരുപോലെ കാണിച്ചുതരുന്നതാണ് ഫുട്‌ബോല്‍ മത്സരങ്ങള്‍ക്ക് മുന്‍പ് താരങ്ങള്‍ തമ്മിലുള്ള ഹസ്തദാനം. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പല പ്രമുഖ ലീഗ് മത്സരങ്ങളിലും ഈ പതിവ് വേണ്ടെന്നുവച്ചിരുന്നു. താരങ്ങള്‍ ഓട്ടോഗ്രാഫ് നല്‍കുന്നത് മുതല്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നതുവരെ വിലക്കിയ കാഴ്ചയും കണ്ടു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന കായിക കാഴ്ചകളില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ എന്നന്നേക്കുമായി മായുമോ എന്ന് കാത്തിരുന്ന് കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com