'ഐപിഎല്‍ ഒരുപാട്‌ പേരുടെ ഉപജീവനമാണ്‌, അത്‌ ഇല്ലാതാവരുത്‌'; അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നതിനെ പിന്തുണച്ച്‌ ഹര്‍ഭജന്‍ സിങ്‌

'ഒരുപാട്‌ ജീവിതങ്ങള്‍ ഐപിഎല്ലിനെ ചുറ്റിപ്പറ്റിയുണ്ട്‌. അതുകൊണ്ട്‌ എല്ലാം സുരക്ഷിതമാവുമ്പോള്‍ ഐപിഎല്‍ നടത്തണം'
'ഐപിഎല്‍ ഒരുപാട്‌ പേരുടെ ഉപജീവനമാണ്‌, അത്‌ ഇല്ലാതാവരുത്‌'; അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നതിനെ പിന്തുണച്ച്‌ ഹര്‍ഭജന്‍ സിങ്‌


മുംബൈ: അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുന്നതിനെ അനുകൂലിക്കുന്നതായി ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്‌. കാണികളുടെ സാന്നിധ്യം പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌. എന്നാല്‍ അവരില്ലാതെ കളിക്കുന്നതില്‍ തനിക്ക്‌ പ്രശ്‌നം തോന്നുന്നില്ലെന്ന്‌ ഹര്‍ഭജന്‍ പറഞ്ഞു.

കളിക്കാരന്‍ എന്ന നിലയില്‍ നിറഞ്ഞ ഗ്യാലറിക്ക്‌ മുന്‍പില്‍ കളിക്കുമ്പോഴുള്ള വൈബ്‌ എനിക്ക്‌ ഇവിടെ ലഭിക്കില്ല. എന്നാല്‍ എല്ലാ ആരാധകര്‍ക്കും ടിവിയില്‍ കാണാനാവും. കളിക്കാരുടെ സുരക്ഷക്ക്‌ മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കണം. മത്സര വേദിയും, ടീം ഹോട്ടലും, ഫ്‌ലൈറ്റുമെല്ലാം സുരക്ഷിതമെന്ന്‌ ഉറപ്പാക്കിയതിന്‌ ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ പാടുള്ളെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

ഒരുപാട്‌ ജീവിതങ്ങള്‍ ഐപിഎല്ലിനെ ചുറ്റിപ്പറ്റിയുണ്ട്‌. അതുകൊണ്ട്‌ എല്ലാം സുരക്ഷിതമാവുമ്പോള്‍ ഐപിഎല്‍ നടത്തണം. ഒരുവര്‍ഷത്തെ ഇടവേളക്ക്‌ ശേഷം ഫൈനല്‍ ഉള്‍പ്പെടെ 17 മത്സരങ്ങള്‍ ഇത്തവണ കളിക്കാനാവുമെന്നാണ്‌ എന്റെ പ്രതീക്‌. ഗ്രൗണ്ടിലേക്ക്‌ ടീമിനൊപ്പം എത്തുന്നതും, ഞങ്ങളുടെ വരവ്‌ കണ്ട്‌ ആരവം മുഴക്കുന്ന കാണികളേയും, ടീം ബസിന്‌ ചുറ്റും ബൈക്കില്‍ വരുന്ന ആരാധകരേയുമെല്ലാം മിസ്‌ ചെയ്യുന്നതായും ഹര്‍ഭജന്‍ പറഞ്ഞു.

മാര്‍ച്ച്‌ 29നായിരുന്നു ഐപിഎല്‍ തുടങ്ങേണ്ടിയിരുന്നത്‌. എന്നാല്‍ കോവിഡ്‌ 19 ശക്തിപ്രാപിച്ചതോടെ ഐപിഎല്‍ മാറ്റിവെക്കേണ്ടി വന്നു. ഏപ്രില്‍ 15ന്‌ ശേഷമാവും ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. ജൂണിന്‌ ശേഷം ഐപിഎല്‍ നടത്തുന്നതിന്റെ സാധ്യതയുള്‍പ്പെടെ ബിസിസിഐ തേടുന്നുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com