സന്ദീപ്‌ വാര്യര്‍ കേരളം വിടുന്നു? വിക്കറ്റ്‌ വേട്ടക്കാരന്‍ തമിഴ്‌നാടിന്‌ വേണ്ടി കളിക്കുമെന്ന്‌ സൂചന, കേരളത്തിന്‌ തിരിച്ചടി

സന്ദീപ്‌ വാര്യരുമായി തമിഴ്‌നാട്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായാണ്‌ വിവരം
സന്ദീപ്‌ വാര്യര്‍ കേരളം വിടുന്നു? വിക്കറ്റ്‌ വേട്ടക്കാരന്‍ തമിഴ്‌നാടിന്‌ വേണ്ടി കളിക്കുമെന്ന്‌ സൂചന, കേരളത്തിന്‌ തിരിച്ചടി


തിരിവനന്തപുരം: നിരാശാജനകമായ സീസണ്‍ കഴിഞ്ഞതിന്‌ പിന്നാലെ കേരളത്തിന്‌ കനത്ത പ്രഹരമേല്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. കേരളത്തിന്റെ സ്റ്റാര്‍ ഫാസ്റ്റ്‌ ബൗളര്‍
സന്ദീപ്‌ വാര്യര്‍ അടുത്ത സീസണില്‍ തമിഴ്‌നാടിന്‌ വേണ്ടി കളിച്ചേക്കുമെന്നാണ്‌ സൂചന.

സന്ദീപ്‌ വാര്യരുമായി തമിഴ്‌നാട്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായാണ്‌ വിവരം. ഇന്ത്യ എയുടെ ന്യൂസിലാന്‍ഡ്‌ പരമ്പരക്ക്‌ ശേഷം സന്ദീപ്‌ മടങ്ങിയെത്തിയപ്പോഴായിരുന്നു ചര്‍ച്ച. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും, മാധ്യമ വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും സന്ദീപ്‌ പറഞ്ഞു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ താരമാണ്‌ സന്ദീപ്‌. ഇന്ത്യ സിമന്റ്‌സ്‌ ജീവനക്കാരനായ സന്ദീപ്‌ ചെന്നൈയിലാണ്‌ തന്റെ ക്രിക്കറ്റ്‌ പരിശീലനം നടത്താറ്‌. കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ എന്‍ഒസി കിട്ടിയാലാവും സന്ദീപിന്‌ തമിഴ്‌നാടിന്‌ വേണ്ടി കളിക്കാനാവുക.

ചരിത്രത്തിലാദ്യമായി കേരളം രഞ്‌ജി ട്രോഫി ഫൈനലിലേക്ക്‌ കടന്നപ്പോള്‍ സന്ദീപായിരുന്നു വിക്കറ്റ്‌ വേട്ടയില്‍ മുന്‍പില്‍. 57 ഫസ്റ്റ്‌ ക്ലാസ്‌ മത്സരങ്ങളില്‍ നിന്ന്‌ 186 വിക്കറ്റും, 55 ലിസ്റ്റ്‌ എ മത്സരങ്ങളില്‍ നിന്ന്‌ 66 വിക്കറ്റും സന്ദീപിന്റെ അക്കൗണ്ടിലുണ്ട്‌. 47 ട്വന്റി20യില്‍ നിന്ന്‌ 46 വിക്കറ്റും വീഴ്‌ത്തിയിട്ടുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com