'ഇന്ത്യക്ക്‌ പണം ആവശ്യമില്ല', ധനസമാഹരണത്തിന്‌ ഇന്ത്യ-പാക്‌ മത്സരമെന്ന അക്തറിന്റെ ആവശ്യം തള്ളി കപില്‍ ദേവ്‌

ധനസമാഹരണത്തിനായി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഇന്ത്യ-പാക്‌ മത്സരം സംഘടിപ്പിക്കണം എന്ന വാദമാണ്‌ അക്തര്‍ മുന്‍പോട്ടുവെച്ചത്‌
'ഇന്ത്യക്ക്‌ പണം ആവശ്യമില്ല', ധനസമാഹരണത്തിന്‌ ഇന്ത്യ-പാക്‌ മത്സരമെന്ന അക്തറിന്റെ ആവശ്യം തള്ളി കപില്‍ ദേവ്‌


ന്യൂഡല്‍ഹി: കോവിഡ്‌ 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട ധനസമാഹരണത്തിനായി ഇന്ത്യ-പാക്‌ പരമ്പര എന്ന ആശയം മുന്‍പില്‍ വെച്ച്‌ പാക്‌ പേസര്‍ ഷുഐബ്‌ അക്തറിന്‌ ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവിന്റെ മറുപടി. ഇന്ത്യക്ക്‌ ആ പണത്തിന്റെ ആവശ്യമില്ലെന്ന്‌ കപില്‍ദേവ്‌ പറഞ്ഞു.

ധനസമാഹരണത്തിനായി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഇന്ത്യ-പാക്‌ മത്സരം സംഘടിപ്പിക്കണം എന്ന വാദമാണ്‌ അക്തര്‍ മുന്‍പോട്ടുവെച്ചത്‌. എന്നാല്‍ ഈ ആശയം സാധ്യമല്ലെന്ന്‌ കപില്‍ദേവ്‌ പറഞ്ഞു. നമുക്ക്‌ പണത്തിന്റെ ആവശ്യമില്ല. നമ്മുടെ പക്കല്‍ ആവശ്യത്തിന്‌ പണമുണ്ട്‌. നിലവില്‌ നമ്മുടെ ഭരണകൂടം ഫലപ്രദമായി പ്രവര്‍ത്തിക്കുക എന്നതാണ്‌ വേണ്ടത്‌. ടിവിയില്‍ രാഷ്രിയക്കാരുടെ ആരോപണപ്രത്യാരോപണങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. അതെല്ലാം അവസാനിപ്പിക്കണമെന്നും കപില്‍ ദേവ്‌ പറഞ്ഞു.

51 കോടി എന്ന വന്‍ തുക ബിസിസിഐ നല്‍കി കഴിഞ്ഞു. എവിടെ നിന്നും ഫണ്ട്‌ പിരിക്കാതെ തന്നെ അതിലും കൂടുതല്‍ നല്‍കാനുള്ള ശേഷി ഇപ്പോള്‍ ബിസിസിഐക്കുണ്ട്‌. സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിയെത്താന്‍ ഇനിയും സമയമെടുക്കും. ഈ സമയക്ക്‌ കളിക്കാരെ കളിക്കാനിറക്കി അവരുടെ ജീവന്‍ അപകടത്തില്‍ വെക്കാനാവില്ല.

അതുപോലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട കാര്യമില്ല. കാരണം മത്സരം നടത്തിയാല്‍ എത്ര രൂപ കണ്ടെത്താനാവും. അഞ്ചാറ്‌ മാസത്തേക്ക്‌ ഇനി ക്രിക്കറ്റ്‌ സാധ്യമാവില്ല എന്നാണ്‌ എന്റെ അഭിപ്രായം. എല്ലാം സാധാരണ നിലയിലാവുമ്പോള്‍ ക്രിക്കറ്റും തിരിച്ചു വരും. രാജ്യത്തിനേക്കാള്‍ വലുതല്ല ക്രിക്കറ്റ്‌. പാവപ്പെട്ടവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിങ്ങനെ ഈ യുദ്ധത്തിന്റെ മുന്‍പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എല്ലാ കരുതലും നല്‍കുകയാണ്‌ ഈ സമയം നാം ചെയ്യേണ്ടത്‌ എന്നും കപില്‍ ദേവ്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com