ഒരു ലക്ഷം കടന്ന്‌ കോവിഡ്‌ 19 കേസുകള്‍, എന്നിട്ടും ബുണ്ടസ്‌ ലീഗ പുനഃരാരംഭിക്കുന്നു

മെയ്‌ ആദ്യ വാരം മത്സരങ്ങള്‍ തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അടച്ചിട്ട സ്‌റ്റേഡിയത്തിലാവും മത്സരങ്ങള്‍
ഒരു ലക്ഷം കടന്ന്‌ കോവിഡ്‌ 19 കേസുകള്‍, എന്നിട്ടും ബുണ്ടസ്‌ ലീഗ പുനഃരാരംഭിക്കുന്നു


കോവിഡ്‌ 19 മുടക്കിയ പ്രധാനപ്പെട്ട ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ആദ്യം തിരിച്ചെത്തുക ബുണ്ടസ്‌ലീഗ. ബുണ്ടസ്‌ ലീഗ പുനഃരാരംഭിക്കുന്നത്‌ സംബന്ധിച്ച നീക്കങ്ങള്‍ ജര്‍മനി തുടങ്ങി കഴിഞ്ഞു.

മെയ്‌ ആദ്യ വാരം മത്സരങ്ങള്‍ തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ട്‌. അടച്ചിട്ട സ്‌റ്റേഡിയത്തിലാവും മത്സരങ്ങള്‍. കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 30 വരെയാണ്‌ ജര്‍മനിയിലെ ടോപ്‌ 2 ഡിവിഷന്‍ ടൂര്‍ണമെന്റുകള്‍ മാറ്റി വെച്ചത്‌. സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാന്‍ ജനങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്‌. അവര്‍ക്ക്‌ ആശ്വാസം പകരാന്‍ ബുണ്ടസ്‌ ലീഗക്ക്‌ സാധിക്കുമെന്ന്‌ ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ക്രിസ്റ്റ്യന്‍ സീഫേര്‍ട്ട്‌ പറഞ്ഞു.

യൂറോപ്പിലെ കോവിഡ്‌ കേസുകളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ്‌ ജര്‍മനി. ഇതുവരെ ജര്‍മനിയില്‍ 110,000 കോവിഡ്‌ 19 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. 2100 പേര്‍ക്ക്‌ ജീവന്‍ നഷ്ടമായി. ബുണ്ടസ്‌ ലീഗ സീസണ്‍ ഉപേക്ഷിക്കുന്നത്‌ ലീഗിലെ അഞ്ച്‌ ടീമുകളെ സാമ്പത്തികമായി തകര്‍ക്കുമെന്ന്‌ സീഫേര്‍ട്ട്‌ പറഞ്ഞു. സെക്കന്റ്‌ ടയറിലെ പകുതിയോളം ടീമുകള്‍ വലിയ കടക്കെണിയിലേക്ക്‌ വീഴുമെന്നും അദ്ദേഹം പറഞ്ഞു.

സീസണിലെ ഇനിയുള്ള മത്സരങ്ങളെല്ലാം റദ്ദാക്കുകയാണ്‌ എങ്കില്‍ സമ്മര്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ എന്നൊന്ന്‌ ഉണ്ടാവില്ല. പണം സ്വര്‍ഗത്തില്‍ നിന്ന്‌ വെറുതെ വരുന്നതല്ലെന്ന്‌ ചില ലീഗുകള്‍ക്ക്‌ ഇപ്പോള്‍ മനസിലായിട്ടുണ്ടാവുമെന്നും സീഫേര്‍ട്ട്‌ പറഞ്ഞു.ബുണ്ടസ്‌ ലീഗയിലെ പല ടീമുകളും പരിശീലനം ആരംഭിക്കുകയും ചെയ്‌തു. സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ്‌ കളിക്കാര്‍ പരിശീലനം നടത്തുന്നത്‌ എന്ന്‌ ഇവര്‍ പറയുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com