'എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ടവരാണ്'; നാട്ടിലെ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം

'എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ടവരാണ്'; നാട്ടിലെ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം

'എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ടവരാണ്'; നാട്ടിലെ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം

കൊല്‍ക്കത്ത: മലയാളിയായ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സികെ വിനീത് ലോക്ക്ഡൗണ്‍ കാലത്ത് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമാണ്. ഇന്ത്യന്‍ ടീമിലെ വിനീതിന്റെ സഹ താരവും പ്രതിരോധ ഭടനുമായ സുഭാശിഷ് ബോസും പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങായി രംഗത്തിറങ്ങിയിരിക്കുകയാണിപ്പോള്‍. 

കൊല്‍ക്കത്തയ്ക്ക് സമീപമുള്ള സൗത്ത് 24 പര്‍ഗനാസിലെ സുഭാസ്ഗ്രാമിലാണ് സുഭാശിഷ് ബോസിന്റെ വീട്. വീടിനടുത്തുള്ള ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കും വീടില്ലാതെ തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുകയാണ് താരമിപ്പോള്‍. റിക്ഷാ വലിക്കാരായ തൊഴിലാളികളടക്കമുള്ളവര്‍ക്കാണ് താരം ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. അരി, ഉരളക്കിഴങ്ങ്, സവാള, മറ്റ് ഭക്ഷണ വസ്തുക്കളൊക്കെയാണ് താരം നല്‍കുന്നത്. 

പല കാലത്തും റിക്ഷ വലിക്കുന്നവര്‍ നാട്ടിലെ മത്സരങ്ങള്‍ക്ക് തന്നെ സൗജന്യമായി കൊണ്ടു പോകാറുണ്ടായിരുന്നു. മികച്ച പ്രകടനം നടത്തിയാല്‍ സമീപത്തുള്ള കടക്കാരടക്കമുള്ളവര്‍ സൗജന്യമായി ഭക്ഷണവും മറ്റും തരാറുണ്ടായിരുന്നുവെന്നും സുഭാശിഷ് പറയുന്നു. അവരെ തിരിച്ച് സഹായിക്കുകയാണ് താനിപ്പോള്‍ എന്നും താരം പറയുന്നു. 

'എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കണ്ടവരാണ് മിക്കവരും. അവര്‍ക്ക് സഹായം ചെയ്യുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി വലുതാണ്. ഉണരുക, ലക്ഷ്യത്തിലെത്തും വരെ പ്രവര്‍ത്തിക്കുക എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ് എനിക്ക് പ്രചോദനം. സമൂഹത്തെ സഹായിക്കേണ്ട നിര്‍ണായക സമയമാണെന്ന് ആ വാക്കുകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു'- താരം പറഞ്ഞു.

ഇന്ത്യയുടെ പ്രതിരോധ നിരയിലെ താരമാണ് സുഭാശിഷ്. സ്‌പോര്‍ടിങ് ഗോവ, മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്‌സി ടീമുകള്‍ക്കായി കളിച്ചിട്ടുള്ള സുഭാശിഷ് നിലവില്‍ ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയുടെ താരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com