വനിതാ താരങ്ങളുടെ ലോക്ക്ഡൗണ്‍ വിനോദം ലുഡോ കളി; പാത്രം കഴുകലൊക്കെ ദിനചര്യയായെന്ന് മന്ദാന 

ചീട്ടുകളിയും പാചകപരീക്ഷണങ്ങളുമൊക്കെയായാണ് താരം ലോക്ക്ഡൗണ്‍ ചിലവിടുന്നത്
വനിതാ താരങ്ങളുടെ ലോക്ക്ഡൗണ്‍ വിനോദം ലുഡോ കളി; പാത്രം കഴുകലൊക്കെ ദിനചര്യയായെന്ന് മന്ദാന 


കോവിഡ് 19 ഭീതിക്കിടയിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കിടയിലെ ആത്മബന്ധം ഉറപ്പിക്കുന്നത് ലുഡോ കളിയാണെന്ന് സ്മൃതി മന്ദാന. ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചിലവിടുന്നു എന്ന് പങ്കുവച്ചുള്ള വിഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. ബിസിസിഐ ട്വീറ്റ് ചെയ്ത വിഡിയോയില്‍ സഹതാരങ്ങളുമായി ബന്ധം പുലര്‍ത്തുന്ന വഴികള്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. 

"ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ലുഡോ കളിക്കും. അത് ഞങ്ങള്‍ക്കിടയിലെ ആത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്", താരം വിഡിയോയില്‍ പറഞ്ഞു. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വര്‍ക്കൗട്ട് മുടക്കാതിരിക്കുന്നുണ്ടെന്നും ട്രെയിനറുടെ നിര്‍ദേശപ്രകാരം അവ ചെയ്യുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

കുടുംബവുമൊത്ത് സമയം ചിലവിടാനാണ് ഈ അവസരം മന്ദാന ഏറെ പ്രയോജനപ്പെടുത്തുന്നത്. ചീട്ടുകളിയും പാചകപരീക്ഷണങ്ങളുമൊക്കെയായാണ് ലോക്ക്ഡൗണ്‍ ചിലവിടുന്നത്. പാത്രം കഴുകലൊക്കെ തന്റെ ദിനചര്യയുടെ ഭാഗമായെന്നാണ് താരത്തിന്റെ വാക്കുകള്‍. സഹോദരനെ ശല്യപ്പെടുത്തുന്നതാണ് ഏറ്റവും താത്പര്യമെന്നും താരം പറയുന്നു. 

സിനിമാപ്രേമിയായ താന്‍ ലോക്ക്ഡൗണ്‍ കാലത്ത് സമയം ചിലവിടാന്‍ കണ്ടെത്തുന്ന മറ്റൊരു മാര്‍ഗ്ഗം സിനിമ കാണല്‍ ആണെന്നും സ്മൃതി പറഞ്ഞു. ആഴ്ചയില്‍ രണ്ടോ മൂന്നോ സിനിമകളാണ് കാണുന്നതെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം ചിലവിടാന്‍ സമയം കണ്ടെത്തുന്നതിനായാണ് സിനിമകളുടെ എണ്ണം കുറച്ചതെന്നും താരം പറഞ്ഞു. ഇതിനുപുറമേ ദിവസവും 10 മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് താന്‍ ഉറപ്പാക്കാറുണ്ടെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com