ലോകകപ്പ് ജേഴ്‌സിയും ബാറ്റും ഹെല്‍മറ്റും എല്ലാം കുട്ടികളുടെ ക്ഷേമത്തിന്; ഒപ്പം ചേര്‍ന്ന് രാഹുലും (വീഡിയോ)

ലോകകപ്പ് ജേഴ്‌സിയും ബാറ്റും ഹെല്‍മറ്റും എല്ലാം കുട്ടികളുടെ ക്ഷേമത്തിന്; ഒപ്പം ചേര്‍ന്ന് രാഹുലും
ലോകകപ്പ് ജേഴ്‌സിയും ബാറ്റും ഹെല്‍മറ്റും എല്ലാം കുട്ടികളുടെ ക്ഷേമത്തിന്; ഒപ്പം ചേര്‍ന്ന് രാഹുലും (വീഡിയോ)

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ നിരവധി കായിക താരങ്ങളാണ് പങ്കു ചേരുന്നത്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍. 

തന്റെ 28ാം ജന്മ ദിനം രാഹുല്‍ കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. അന്നാണ് തന്റെ തീരുമാനം രാഹുല്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആഗോള തലത്തിലുള്ള ആരാധക കൂട്ടായ്മയായ ഭാരത് ആര്‍മിയുമായി ചേര്‍ന്നാണ് രാഹുലിന്റെ പ്രവര്‍ത്തനം. 

2019ലെ ലോകകപ്പില്‍ കളിക്കുമ്പോള്‍ ധരിച്ച ജേഴ്‌സി, ഇന്ത്യ വിജയിക്കുമ്പോള്‍ ധരിച്ച ടെസ്റ്റ്, ടി20, ഏകദിന ജേഴ്‌സികള്‍, ബാറ്റ്, പാഡുകള്‍, ഗ്ലൗസുകള്‍ എന്നിവ സംഭാവന ചെയ്യാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. ഇവ ഭാരത് ആര്‍മിക്കാണ് രാഹുല്‍ കൈമാറുക. ഇത് ലേലത്തില്‍ വച്ച് കിട്ടുന്ന തുക കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുക ലക്ഷ്യമിട്ടാണ് രാഹുലിന്റെ നീക്കം. 

ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ പ്രവര്‍ത്തനത്തില്‍ ഒപ്പം നില്‍ക്കാനും ഈ വിഷമകരമായ ഘട്ടം കടന്ന് പോകുമെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്നു. 

നേരത്തെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ ലോകകപ്പില്‍ ധരിച്ച ജേഴ്‌സി ഇത്തരത്തില്‍ ലേലം ചെയ്തിരുന്നു. ഇതില്‍ നിന്ന് ലഭിച്ച തുക അദ്ദേഹം രണ്ട് ആശുപത്രികള്‍ക്ക് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെഎല്‍ രാഹുലും രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com