‘ഇത്തരമൊരു സാഹചര്യം വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല; ആ പാസ്പോർട്ട് കണ്ട് ഞാനും ഞെട്ടി‘- റൊണാൾഡീഞ്ഞോ പറയുന്നു

‘ഇത്തരമൊരു സാഹചര്യം വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല; ആ പാസ്പോർട്ട് കണ്ട് ഞാനും ഞെട്ടി‘- റൊണാൾഡീഞ്ഞോ പറയുന്നു
‘ഇത്തരമൊരു സാഹചര്യം വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല; ആ പാസ്പോർട്ട് കണ്ട് ഞാനും ഞെട്ടി‘- റൊണാൾഡീഞ്ഞോ പറയുന്നു

അസുൻസ്യോൻ: ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ വ്യാജ പാസ്പോർട്ടുമായി അറസ്റ്റിലായത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. അറസ്റ്റ് നടന്ന് രണ്ട് മാസം പിന്നിടുമ്പോൾ സംഭവത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് റൊണാൾഡീഞ്ഞോ. 

വ്യാജ പാസ്പോർട്ടുമായി പരാ​ഗ്വെയിൽ കടന്നതിന്റെ പേരിൽ അറസ്റ്റിലായ റൊണാൾഡീഞ്ഞോ ഒരു മാസത്തിലധികം ജയിലിലായിരുന്നു. പിന്നീട് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൻ തുക ജാമ്യം കെട്ടിവച്ച് താരത്തെ പരാ​ഗ്വെ കോടതി വീട്ടു തടങ്കലിലേക്കു മാറ്റി. ഇപ്പോള്‍, അസുൻസ്യോനിലെ ആഡംബര ഹോട്ടലിൽ വീട്ടു തടങ്കലിലാണ് താരം. കൂടെ സമാന കുറ്റത്തിൽ പ്രതി ചേർക്കപ്പെട്ട മൂത്ത സഹോദരൻ റോബർട്ടോ അസീസുമുണ്ട്. വീട്ടു തടങ്കലിൽവച്ച് പരാ​ഗ്വെയിലെ ടെലിവിഷൻ നെറ്റ്‌വർക്കായ എബിസി കളറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അറസ്റ്റിനെക്കുറിച്ച് ആദ്യമായി റൊണാൾഡീഞ്ഞോ പ്രതികരിച്ചത്. 

അറസ്റ്റിനു കാരണമായ വ്യാജ പാസ്പോർട്ട് തന്നെയും അദ്ഭുതപ്പെടുത്തിയെന്ന് റൊണാൾഡീഞ്ഞോ പ്രതികരിച്ചു. താരം വഞ്ചിക്കപ്പെട്ടതാണെന്നും കൈവശമുള്ളത് വ്യാജ പാസ്പോർട്ടാണെന്ന് അറിയില്ലായിരുന്നുവെന്നുമുള്ള അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം ശരിവയ്ക്കുന്നതാണ് റൊണാൾഡീഞ്ഞോയുടെ വെളിപ്പെടുത്തൽ. ഒരു ഓൺലൈൻ കാസിനോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് താൻ പരാ​ഗ്വെയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘കൈവശമുള്ള യാത്രാ രേഖകൾ വ്യാജമാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾത്തന്നെ അതിശയിച്ചു പോയി. അന്നു മുതൽ ഇന്നുവരെ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിന് ഇവിടുത്തെ നിയമ വ്യവസ്ഥയുമായി ഞങ്ങൾ സഹകരിച്ചു വരികയാണ്. ഞങ്ങളോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം അറിയാവുന്നതെല്ലാം വച്ച് മറുപടി നൽകിയിട്ടുണ്ട്. അന്വേഷകർ ആവശ്യപ്പെട്ട എല്ലാ സഹായവും അവർക്കു ചെയ്തുകൊടുത്തിട്ടുമുണ്ട്’ – റൊണാൾഡീഞ്ഞോ പറഞ്ഞു.

ആദ്യമായി ജലിയിലേക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോൾ എന്തു തോന്നിയെന്ന ചോദ്യത്തിന് റൊണാൾഡീഞ്ഞോയുടെ മറുപടി ഇങ്ങനെ. ‘കനത്ത തിരിച്ചടിയായിരുന്നു അത്. ഇത്തരം സാഹചര്യങ്ങളിലൂടെ ജീവിതത്തിലെന്നെങ്കിലും കടന്നുപോകേണ്ടി വരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. എന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഏറ്റവും ഉയരങ്ങളിലെത്താനും ആളുകളെ എന്റെ ഫുട്ബോൾ കളിയിലൂടെ സന്തോഷിപ്പിക്കാനും മാത്രമേ ഇന്നുവരെ ശ്രമിച്ചിട്ടുള്ളൂ’ – റൊണാൾഡീഞ്ഞോ വ്യക്തമാക്കി.

ജയിലിലും ഫുട്ബോൾ പരിശീലിക്കാൻ ഇഷ്ടംപോലെ സമയം ലഭിച്ചിരുന്നെന്ന് റൊണാൾഡീഞ്ഞോ വെളിപ്പെടുത്തി. കനത്ത സുരക്ഷാ വലയത്തിലുള്ള ജയിലിൽ ഓട്ടോഗ്രോഫിനായിപ്പോലും ആളുകൾ തടഞ്ഞു നിർത്തിയിരുന്നു. മനഃപൂർവമല്ലാത്ത തെറ്റിന്റെ പേരിൽ കുറ്റവാളിയാക്കപ്പെടുകയും ജയിലിൽ കഴിയുകയും ചെയ്യേണ്ടിവന്നെങ്കിലും പരാ​ഗ്വെയോട് ഒരുകാലത്തും ദേഷ്യം തോന്നിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ മതവിശ്വാസവും ഈ പ്രതിസന്ധി ഘട്ടത്തിൽ തുണയായെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘ഇവിടെയെത്തിയ ആദ്യ ദിനം മുതൽ പരാ​ഗ്വെയിലെ ജനങ്ങളുടെ സ്നേഹവും വാത്സല്യവും ബഹുമാനവും ഞാൻ അനുഭവിക്കുകയാണ്. ഈ സ്നേഹത്തിന് എല്ലാവർക്കും നന്ദി. എനിക്ക് എന്റെതായ വിശ്വാസങ്ങളുണ്ട്. എല്ലാം നന്നായി പോകണമെന്നാണ് എക്കാലവും ആഗ്രഹിച്ചിട്ടുള്ളത്. ഇതും നന്നായി വരുമെന്ന് കരുതുന്നു’ – അദ്ദേഹം പറഞ്ഞു. മോചനം ലഭിച്ചാൽ ആദ്യം തന്നെ അമ്മയെ കണ്ട് കെട്ടിപ്പിടിക്കാനാണ് ആഗ്രഹമെന്നും റൊണാൾഡീഞ്ഞോ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com