ഏതൊരു ക്യാപ്റ്റന്റേയും സ്വപ്‌നമാണ് അയാളെ പോലെ ഒരു താരം, പ്രശംസ കൊണ്ട് മൂടി സ്റ്റീവ് സ്മിത്ത്

'ആഷസിലും ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും സ്‌റ്റോക്ക്‌സ് ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് വരുന്നത്'
ഏതൊരു ക്യാപ്റ്റന്റേയും സ്വപ്‌നമാണ് അയാളെ പോലെ ഒരു താരം, പ്രശംസ കൊണ്ട് മൂടി സ്റ്റീവ് സ്മിത്ത്

സിഡ്‌നി: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനെ പ്രശംസ കൊണ്ട് മൂടി സ്റ്റീവ് സ്മിത്ത്. ഏതൊരു നായകന്റേയും സ്വപ്‌നമാണ് സ്റ്റോക്ക്‌സിനെ പോലൊരു താരമെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു. 

ഓരോ പരമ്പരയിലും കൂടുതല്‍ കരുത്തനാവുകയാണ് സ്‌റ്റോക്ക്‌സ്. ആഷസിലും ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും സ്‌റ്റോക്ക്‌സ് ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് വരുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും സ്റ്റോക്ക്‌സിന്റെ മികവ് കൂടി വരികയാണ്. ഏത് ടീമും ഇതുപോലെയുള്ള കളിക്കാരെയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ആഗ്രഹിച്ച് പോവുന്നത്, സ്മിത്ത് പറഞ്ഞു.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സ്‌റ്റോക്ക്‌സിന് തിളങ്ങാന്‍ സാധിക്കാതിരിക്കട്ടേ എന്നാണ് സ്റ്റീവ് സ്മിത്ത് പ്രതികരിച്ചത്. അതേ സമയം രാജസ്ഥാന്‍ റോയല്‍സിലേക്ക് ഐപിഎല്‍ കളിക്കാനെത്തുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ സ്റ്റോക്ക്‌സിന് സാധിക്കട്ടേയെന്നും സ്മിത്ത് പറയുന്നു. രാജസ്ഥാന്‍ റോയല്‍സില്‍ സ്മിത്തിന്റെ സഹതാരമാണ് സ്‌റ്റോക്ക്‌സ്. 

സ്‌റ്റോക്ക്‌സിനും ആര്‍ച്ചര്‍ക്കും ജോസ് ബട്ട്‌ലര്‍ക്കും ഒപ്പം കളിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇവര്‍ കൂടുതല്‍ റണ്‍സോ വിക്കറ്റോ നേടരുത് എന്നാണ് തന്റെ ആഗ്രഹമെന്നും സ്മിത്ത് ചിരി നിറച്ച് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com